തലശ്ശേരി: കമ്യൂണിസ്റ്റ് ഗ്രാമത്തിൽ നിന്ന് ഒഴുക്കിനെതിരെ കൗമാരകാലത്തു തന്നെ നീന്തി ഒട്ടേറെ സഹനങ്ങൾക്കൊടുവിൽ തേടിയെത്തിയ കേന്ദ്ര മന്ത്രി പദം സഹോദരന് ലഭിച്ച അംഗീകാരമാണെന്ന് വി.മുരളീധരന്റെ സഹോദരി മേദിനി.എരഞ്ഞോളി വാടിയിൽ പീടികയിലെ മുരളീധരന്റെ ജൻമഗൃഹമായ മുരളീ നിവാസിൽ മിന്നി മറയുന്ന ക്യാമറ ഫ്‌ളാഷുകൾക്കിടയിൽ മാദ്ധ്യമ പ്രവർത്തകരോട് സന്തോഷം പങ്കുവെക്കുകയായിരുന്നു മേദിനിയും ഭർത്താവ് എസ്.എൻ.ബേബിയും.

ഉച്ചയോടെയാണ് മുരളി മന്ത്രിയാകുന്ന വിവരം ദില്ലിയിൽ നിന്നും തന്റെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞത്. കണ്ണൂർ ജില്ലക്ക് ലഭിച്ച വരദാനമാണ് ഈ സ്ഥാനലബ്ധി- ബേബി പറഞ്ഞു.ശബരിമലയിലെ പ്രശ്നസമയത്ത് മുരളി നിവാസിന് നേരെ ബോംബേറുണ്ടായപ്പോൾ മുരളി നാട്ടിൽ വന്നിരുന്നു. അന്ന് ഞങ്ങളെയെല്ലാം ആശ്വസിപ്പിച്ചാണ് മടങ്ങിയത്. സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ ടി.വി.ക്ക് മുന്നിലിരിക്കവെ മേദിനി പറഞ്ഞു.
ട്രഷറി ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ഗോപാലൻ മരിക്കുമ്പോൾ മൂത്തമകനായ മുരളി ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു.മുരളിക്ക് കീഴെ മേദിനിയും ദിനേഷ് കുമാറും പിന്നെ ഞാനും- തലശ്ശേരി സപ്‌ളൈ ഓഫീസിൽ ഉദ്യോഗസ്ഥനായ ഇളയ സഹോദരൻ പ്രദീപൻ പറഞ്ഞു. അമ്മ ദേവകി പെരുന്താറ്റിൽ വലിയപറമ്പ് എൽ.പി.സ്‌കുൾ പ്രധാനാദ്ധ്യാപികയായിരുന്നു.
പഠന കാലത്ത് മുരളി നാണംകുണുങ്ങിയായിരുന്നു അദ്ദേഹം.മിതഭാഷി. പ്രായത്തേക്കാൾ കവിഞ്ഞ ചിന്ത. പരന്ന വായന. ഇംഗ്ലീഷിനോട് വല്ലാത്തൊരഭിനിവേശമായിരുന്നു. ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് മെയിനായിരുന്നു. ഹൈസ്‌കൂളിലും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്.ചെറിയ ക്ലാസ്സിൽ തന്നെ ഇംഗ്ലീഷ് പത്രം വായിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.'തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ പഠനകാലം തൊട്ടിന്നു വരെ മുരളിയുടെ ആത്മമിത്രമായ പൂനെയിൽ ബിസ്സിനസ്സുകാരനായ തലശ്ശേരിക്കാരൻ കെകെ.രാംരാജ് പൊതുവാൾ ടെലിഫോണിലൂടെ പറഞ്ഞു. അടിയന്തിരാവസ്ഥക്ക് ശേഷം 1977 ൽ എ.ബി.വി.പി.ദേശീയ സെക്രട്ടറി മദൻ ദാസ് ദേവി തലശ്ശേരി ടൗൺ ഹാളിൽ നടന്ന വിദ്യാർത്ഥി സമ്മേളനത്തിന് വന്നിരുന്നു. അന്നാണ് മുരളി നഗരപരിഷത്തിന്റെ സെക്രട്ടരിയാവുന്നത്.പിന്നീട് കലാലയ ജീവിതകാലത്ത് ജില്ലാ സെക്രട്ടറിയായി.1980 ൽ സംസ്ഥാന ട്രഷററായി. 82ൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടരിയായി. തൊട്ട് പിറകെ ആൾ ഇന്ത്യാ ഓർഗനൈസേഷൻ കമ്മിറ്റിയുടെ സെക്രട്ടറിയും.അതിനിടെ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ജോലി കിട്ടി. തന്റെ തട്ടകം അതല്ലെന്ന് തിരിച്ചറിയാൻ ഏറെ താമസിക്കേണ്ടിവന്നില്ല.ജോലി രാജി വെച്ച് മുഴുവൻ സമയ രാഷട്രീയ പ്രവർത്തകനായി. അക്കാലത്ത് ആനുകാലികങ്ങളിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. വാജ്‌പേയി സർക്കാരിന്റെ കാലത്ത് നെഹ്രു യുവകേന്ദ്ര യുടെ ദേശീയ വൈസ് ചെയർമാനായി.പിന്നീട് ബി.ജെ.പി.യുടെ കേരള സംസ്ഥാന അദ്ധ്യക്ഷനും പിന്നാലെ രാജ്യസഭാ അംഗവുമായി മാറി.
ചെറിയ പ്രായത്തിൽ നഗ്‌നപാദനായി നടക്കാനായിരുന്നു താൽപ്പര്യം. മാംസാഹാരങ്ങളോട് പ്രതിപത്തിയില്ല. വാക്കുകൾക്ക് വല്ലാതെ മിതത്വം ​- സഹപാഠിയായ രാംരാജ് പറഞ്ഞു. സൗഹൃദങ്ങൾക്ക് ഇത്രമാത്രം വിശുദ്ധി കൽപ്പിക്കുന്ന വ്യക്തികൾ അപൂർവം. തലശ്ശേരിയിലെത്തിയാലെല്ലാം എം.ജി.റോഡിലെ കോഫി ഹൗസിന് മുന്നിൽ മണിക്കൂറുകളോളം നിൽക്കും. പഴയ സുഹൃത്തുക്കളോട് ഏറെ നേരം സംസാരിച്ചിരിക്കുന്നത് മുരളിക്ക് രസമായിരുന്നു. കാപ്പി കുടിച്ച് പിരിയും.ചെറുപ്പത്തിലേയുള്ള ലളിത ജീവിതം ഇപ്പോഴും കൈവിട്ടിട്ടില്ല.
ഒരു കൊലപാതകക്കേസിൽ മുരളിയെ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ ഉൾപ്പെടുത്തുകയും, മുരളി റിമാന്റ് ചെയ്യപ്പെടുകയുമുണ്ടായി. രോഷാകുലരായ എ.ബി.വി.പി പ്രവർത്തകർ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ ദില്ലിയിൽ ഘെരാവോ ചെയ്തത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വിദ്യാർത്ഥി ജീവിതകാലത്ത് മൂവായിരം മീറ്റർ മാരത്തോൺ നടത്ത മത്സരത്തിൽ മുരളീധരൻ സമ്മാനം നേടിയതും ഇവർ എടുത്തുപറഞ്ഞു. ആദ്യകാലത്ത് തിരുവങ്ങാട്ടെ ആർ.എസ്.എസ്.ശാഖയിലും, പിന്നീട് പെരുന്താറ്റിലും സ്വയം സേവകനായിരുന്നു.രാഷ്ട്രീയത്തിനുമപ്പുറം വിപുലമായ സൗഹൃദത്തെ തനിക്ക് ചുറ്റും എന്നും കൊണ്ടു നടക്കാനും എല്ലാം മറന്ന് അവരോട് സംവദിക്കാനുമുള്ള മുരളിയുടെ വൈഭവം ഒരിക്കൽ മാത്രം ബന്ധപ്പെട്ടവർക്ക് പോലും ബോധ്യമാകുമെന്നും രാംരാജ് പറഞ്ഞു.