തളിപ്പറമ്പ്: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പരീക്ഷകൾ എഴുതാനുള്ളവരുടേതൊഴികെയുള്ള ഹോസ്റ്റലുകൾ അടച്ചു. മെഡിക്കൽ കോളജിലേക്ക് വെള്ളമെത്തിക്കുന്ന വണ്ണാത്തിപ്പുഴയിൽ ഉപ്പുവെള്ളം കയറുന്നതും മെഡിക്കൽ കോളജിലേക്കുള്ള ശുദ്ധജല വിതരണത്തെ ബാധിച്ചു. ഡയാലിസിസിനെയാണ് ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നത്.
വണ്ണാത്തിപ്പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനായി നിർമ്മിച്ച കാനായി മീങ്കുഴി അണക്കെട്ടിന്റെ കാലപ്പഴക്കവും കിഴക്കുഭാഗത്ത് വെള്ളം കുറഞ്ഞതുമാണ് ഉപ്പുവെള്ളം കയറാൻ കാരണം. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിലേക്കുള്ള വെള്ളത്തിൽ ഉപ്പുവെള്ളം കലർന്നതായാണ് പറയപ്പെടുന്നത്
അണക്കെട്ടിന് സമീപത്തെ മിക്ക വീട്ടുകിണറ്റുകളിലും ഉപ്പുവെള്ളം എത്തിക്കഴിഞ്ഞു. മീൻകുഴി ഡാം സംരക്ഷണ സമി തി ചന്തപ്പുരയിൽ കെട്ടിയുണ്ടാക്കിയ തടയണയിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് പൈപ്പ് വഴി ഇപ്പോൾ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത് . വെള്ളം ശുദ്ധികരിച്ചാണ് എത്തിക്കുന്നതെങ്കിലും അതിലെ ലവണാംശം ഇല്ലാതാക്കാൻ സംവിധാനം ഇല്ലാത്തതിനാലാണ് ഉപ്പുരസം അനുഭവപ്പെടുന്നത്. മാടായി പാറ, ഏഴോം എന്നിവിടങ്ങളിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ,ടാങ്കിൽ നിന്നും. വെള്ളം ശേഖരിച്ച് ടാങ്കർ ലോറികളിൽ മെഡി. കോളേജിലെത്തിക്കുന്നുണ്ട്. ഈ വെള്ളമാണ് ഇപ്പോൾ ഉപയോഗിക്കുന്നത് .

ഡയാലിസിസിന് ശുദ്ധജലം ആവശ്യമാണ്. ഇവിടത്തെ കുഴൽകിണറുകളിൽ ഇതിനാവശ്യമായ ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇതുകാരണം. ഡയാലിസിസ് തടസപ്പെടുന്നുണ്ട്. കനത്ത മഴ ലഭിച്ചില്ലെങ്കിൽ മെഡിക്കൽ കോളേജിലെ ഡയാലിസിസ് രോഗികളുടെ കാത്തിരിപ്പിന് ദൈർഘ്യമേറും.