മാഹി:കൊടുംചൂടിൽ ഗുണനിലവാരം കുറഞ്ഞ മദ്യം കഴിഞ്ഞ് റോഡരികിൽ തളർന്നുവീണ് ഈ മാസം മാത്രം മാഹിയിൽ മരിച്ചത് നാല് പേർ. അന്യസംസ്ഥാന തൊഴിലാളികളും നാടോടികളുമാണ് നിലവാരമില്ലാതെ മദ്യം അമിത അളവിൽ കഴിച്ച് ജീവൻ അപകടപ്പെടുത്തിയത്.

ഏറ്റവുമൊടുവിൽ വ്യാഴാഴ്ച റെയിൽവെ സ്റ്റേഷൻ റോഡിൽ ഒരാൾ മരിച്ചിരുന്നു. മദ്യത്തിന്റെ വീര്യത്തിൽ മയങ്ങി റോഡിൽ തളർന്നുവീണ് ശരീരം പൊള്ളിയടർന്ന നിലയിലാണ് ഈയാളുടെ ശരീരം കണ്ടെത്തിയത്. മുൻകാലങ്ങളിലും ഇത്തരത്തിലുള്ള മരണങ്ങൾ മാഹിയിലുണ്ടായിരുന്നെങ്കിലും കോടതി വിധി പ്രകാരം മദ്യശാലകൾ അടച്ചിട്ട് വീണ്ടും തുറന്നതിന് ശേഷം ആറ് മാസത്തോളം ഇത്തരത്തിലുള്ള മരണം ഉണ്ടായിരുന്നില്ല. ഗുണമേന്മയുള്ള മദ്യം മാത്രമാണ് ഈ കാലയളവിൽ വിറ്റിരുന്നത്. എന്നാൽ അമിത ലാഭം പ്രതീക്ഷിച്ച് ചില മദ്യഷാപ്പുകാർ വ്യാജമായി നിർമ്മിക്കുന്ന മദ്യം വില കുറച്ച് വിൽക്കാൻ തുടങ്ങിയതോടെ നാടോടികളും അന്യസംസ്ഥാന തൊഴിലാളികളും ഇതിന് ഇരയായി തുടങ്ങിയെന്നാണ് വിവരം.

റോഡിൽ മദ്യപിച്ച് കിടക്കുന്നവരുടെ കാഴ്ച കാലത്ത് ഒൻപത് മണിയാകുമ്പോൾ തന്നെ കാണാം. വൈകുന്നേരം വരെ തീ പിടിച്ച വെയിലിൽ കിടന്ന് നിർജ്ജലീകരണം സംഭവിച്ചതുമൂലമാണ് പല മരണങ്ങളും. ഇവരെ തിരിച്ചറിയാൻ പോലും പൊലീസിന് കഴിയുന്നില്ല. മാഹി ഗവ: ആശുപത്രി മോർച്ചറിയിൽ ഇപ്പോഴും അജ്ഞാത ജഢങ്ങൾ സൂക്ഷിച്ച് വച്ചിരിക്കുകയാണ്.ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും മദ്യത്തിന്റെ ഗുണമേൻമ പരിശോധിക്കാൻ അധികാരികൾ തയ്യാറായിട്ടില്ല. രാജ്യത്ത് പലയിടത്തും മദ്യദുരന്തത്തിലൂടെ കൂട്ടമരണമാണുണ്ടായതെങ്കിൽ മാഹിയിൽ നിത്യേനയുള്ള മരണമാണുണ്ടാകുന്നതെന്നതും ദേശീയശ്രദ്ധ പതിയാത്തതിന് പിന്നിലുണ്ട്.