കൊട്ടിയൂർ: വൈശാഖമഹോത്സവത്തിന്റെ രണ്ടാം ഘട്ടം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ യാഗോത്സവ ഭൂമിയിൽ ദർശനം നടത്താൻ വൻ ജനപ്രവാഹമാണ് അക്കരെ കൊട്ടിയൂരിൽ.തിരക്ക് വർദ്ധിച്ചതുമൂലം പെരുമാളെ തൊഴുത് മടങ്ങാൻ ഭക്തജനങ്ങൾക്ക് വളേെയറെ സമയം കാത്തു നിൽക്കേണ്ടി വരുന്നുണ്ട്. പകലെന്നതു പോലെ രാത്രിയിലും തിരക്കനുഭവപ്പെടുന്നതിനാൽ ഭക്തജനങ്ങൾക്കായി കുടിവെള്ളവും, അന്നദാനവും താമസവും ഉൾപ്പെടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ ദേവസ്വം ഒരുക്കിയിട്ടുണ്ട്.

രണ്ടാം ഘട്ടമായി കരുതുന്ന മനുഷ്യരുടെ ഉത്സവം ആരംഭിച്ചത് തിരുവോണം ആരാധനയോടു കൂടിയാണ്.അഷ്ടമി രേവതി എന്നീ ആരാധനകൾക്ക് ശേഷം നാല് ആരാധനകളിൽ ഏറ്റവും പ്രാധാന്യമുള്ള രോഹിണി ആരാധന 3ന് നടക്കും. ആരാധനാ പൂജകളായ പഞ്ചഗവ്യാഭിഷേകം, പൊന്നിൻ ശീവേലി, നവകാഭിഷേകം, കളഭാഭിഷേകം എന്നിവ കൂടാതെ ആലിംഗന പുഷ്പാഞ്ജലി കൂടി നടക്കുന്നതിനാലാണ് രോഹിണി ആരാധന ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ജൂൺ 9 നാണ് മകം കലംവരവ്. അന്നേ ദിവസം ഉച്ചയോടെ സ്ത്രീകൾക്കുള്ള പ്രവേശനം അവസാനിക്കും.13 ന് തൃക്കലശ്ശാട്ടത്തോടെ ഈ വർഷത്തെ വൈശാഖോത്സവത്തിന് സമാപനം കുറിക്കും.

പടം :ഇന്നലെ ഉച്ചയ്ക്ക് അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്‌