കോഴിക്കോട്: കള്ളവോട്ട് ആരോപണങ്ങളിൽ നിറഞ്ഞ് കോഴിക്കോടും. ജില്ലയിലെ വടകര, കോഴിക്കോട് ലോകസഭ മണ്ഡലങ്ങളിൽ കള്ലവോട്ട് നടന്നെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി.

വടകര യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ ചീഫ് ഇലക്ഷൻ ഏജന്റ് കെ പ്രവീൺ കുമാറാണ് വടകര ലോകസഭ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. കോഴിക്കോട് ലോകസഭമണ്ഡലത്തിൽ കള്ലവോട്ട് നടന്നെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാർത്ഥി പ്രകാശ്ബാബു രംഗത്തെത്തി.

@ വടകരയിൽ വ്യാപക കള്ലവോട്ടെന്ന് യു.ഡി.എഫ്

തലശ്ശേരി നിയോജക മണ്ഡലത്തിലെ 45 ബൂത്തുകളിലും കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 26 ബൂത്തുകളിലും നാദാപുരത്ത് 11 സ്ഥലങ്ങളിലും കള്ളവോട്ട് നടന്നതായാണ് പരാതി. ഈ മണ്ഡലത്തിലെ പല ബൂത്തുകളിലും യു.ഡി.എഫ് ഏജന്റുമാരെ പ്രവേശിപ്പിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

കള്ളവോട്ട് നടന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഈ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട് വടകര ലോക്‌സഭ മണ്ഡലത്തിലുൾപ്പെട്ട കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ വോട്ടർ കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ ബൂത്തിലും വോട്ട് ചെയ്തതായായാണ് തെളിഞ്ഞിരിക്കുന്നത്. ഇതിന്റെ തെളിവുകൾ ഉൾപ്പടെയുള്ള പരാതി ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.

കൊയിലാണ്ടി മണ്ഡലത്തിലെ പാർട്ട് നമ്പർ 48 ൽ ക്രമ നമ്പർ 1130 ആയി വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പി. ശരണ്യയാണ് രണ്ട് പോളിംഗ് ബൂത്തുകളിൽ വോട്ട് ചെയ്തത്. കൊയിലാണ്ടി മണ്ഡലത്തിൽ വോട്ട് ചെയ്തതിനു പിന്നാലെ കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ 145-ാം ബൂത്തിൽ ക്രമ നമ്പർ 545 നമ്പറിൽ പേരുള്ള ഇവർ തന്നെയാണ് ഇവിടെയും വോട്ട് ചെയ്തത്. 2018 ൽ കൊയിലാണ്ടിയിലേക്ക് വിവാഹിതരായ ശേഷം ഭർത്താവിന്റെ വീടായ പള്ളിക്കരയിലാണ് ശരണ്യ ഇപ്പോൾ താമസിക്കുന്നത്. ഭർത്താവിന്റെ വീടുൾപ്പെടുന്ന സ്ഥലത്ത് വോട്ടർ പട്ടികയിൽ പേരുചേർക്കുമ്പോൾ നേരത്തെയുള്ള സ്ഥലത്തുള്ള വോട്ടർപ്പട്ടികയിൽ പേരുള്ളത് ഇവർ മറച്ചുവെച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് യു ഡി എഫ് നൽകിയിൽ പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.

കൊയിലാണ്ടി മണ്ഡലത്തിൽ പേരുൾപ്പെട്ടതിനാൽ ഇവരുടെ പേര് കുറ്റ്യാടി മണ്ഡലത്തിലെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസറോട് യു.ഡി.എഫ് പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും ബി.എൽ.ഒ നീക്കം ചെയ്തില്ലെന്നും പരാതിയിൽ പറയുന്നു. ഇവർ വോട്ട് ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു. കോഴിക്കോട് മണ്ഡലത്തിലെ എലത്തൂർ മണ്ഡലത്തിൽ സി.പി.എം പ്രവർത്തകനായ പുന്നശ്ശേരി കളരിക്കൽ എം.പി രമേശനും ഭാര്യ ശ്രീജയ്ക്കുമെതിരെ കള്ളവോട്ട് ചെയ്തതതായി ഡി.സി.സി ജന.സെക്രട്ടറി ഐ.പി രാജേഷ് പരാതി നൽകിയിരുന്നു. എലത്തൂർ നിയോജക മണ്ഡലത്തിലെ 47ാം ബൂത്തായ പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്‌കൂളിലും 149ാം ബൂത്തായ പയമ്പ്ര എ.എൽ.പി സ്‌കൂളിലും ഇരുവരും വോട്ട് ചെയ്തതായാണ് പരാതിയിൽ പറയുന്നത്.

@ സി.പി.എം തിരഞ്ഞെടുപ്പ് അട്ടിമറിച്ചു: കെ.പി. പ്രകാശ്ബാബു

ഇരട്ടവോട്ടും കള്ളവോട്ടും വഴി സി.പി.എം തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി കോഴിക്കോട് ലോകസഭ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കെ.പി. പ്രകാശ്ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുന്ദമംഗലത്തെ 124ാം നമ്പർ ബൂത്തിൽ അഭിലാഷ് എന്ന വോട്ടർ 144ാം നമ്പർ ബൂത്തിലും വോട്ട് ചെയ്തു. 128ാം നമ്പർ ബൂത്തിലെ അനുഷ്മ 150ാം നമ്പർ ബൂത്തിലും വോട്ട് ചെയ്തു. 128ാം ബൂത്തിലെ അഞ്ജലി 44ാം നമ്പർ ബൂത്തിൽ ഇനീഷ്യലിൽ മാറ്റം വരുത്തി വോട്ട് ചെയ്തു. 129ാം നമ്പർ ബൂത്തിലെ അഭിലാഷ് പി.എം. 144ാം നമ്പർ ബൂത്തിൽ അഭിലാഷ് എന്ന പേരിലും വോട്ട് ചെയ്തു. കുന്ദമംഗലത്തെ അഞ്ചാം ബൂത്തിലെ എ. രാഹുൽ എന്ന വോട്ടർ പിലാശ്ശേരി എ.യു.പി സ്‌കൂളിലെ നാലാം ബൂത്തായ
എ.യു.പി.എസ് പിലാശ്ശേരിയിലും വോട്ട് ചെയ്തു. ഇതു സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിഷ്പക്ഷ ഏജന്റുമാരായി പ്രവർത്തിക്കേണ്ട ബൂത്ത് ലെവൽ ഓഫീസർമാർ സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് ഏജന്റുമാരായി പ്രവർത്തിച്ചതിന്റെ ഫലമാണ് വ്യാപകമായി ഇരട്ടവോട്ടുകൾ വോട്ടർപട്ടികയിൽ ഇടംപിടിച്ചത്. ഇതിനെതിരെ ജില്ലാ കളക്ടർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകും. ഒന്നിൽ കൂടുതൽ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ച് വോട്ട്
ചെയ്തവർക്കും അതിന് കൂട്ടുനിന്ന ബി.എൽ.ഒമാർക്കുമെതിരെ നടപടി എടുക്കണം.
സി.പി.എമ്മിന്റെ സജീവ പ്രവർത്തകരാണ് ഇരട്ടവോട്ടുകൾ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പിനെ പ്രഹസനമാക്കിയത്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളിലും സി.പി.എം വ്യാപകമായി ഇരട്ടവോട്ടുകൾ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ അടുത്തദിവസങ്ങളിൽ പുറത്ത് വിടുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ഇ. സാലുവും പങ്കെടുത്തു.