സുൽത്താൻ ബത്തേരി: വയനാർട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവത്തിന് ഉത്സവാന്തരീക്ഷത്തിൽ തുടക്കം. സ്റ്റേജ് മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ നിർവ്വഹിച്ചു. പ്രളയത്തെ അതിജീവിച്ച നാം, ജനാധിപത്യത്തെയും സമൂഹത്തെയും ഒന്നാകെ തച്ചുടയക്കാൻ ശേഷിയുള്ള പല പ്രതിലോമ ശക്തികളെയും ഒറ്റക്കെട്ടായി തോൽപ്പിച്ചു. ഈ കലോത്സവം അടയാളപ്പെടുത്തേണ്ടത് എവിടെയും തോൽക്കാത്ത ഈ ജനതയെ ആണെന്നും, കലയ്ക്കു മുന്നിൽ ഏതു മതിലുകളും തകർന്നടിയുമെന്നും അഭിലാഷ് മോഹൻ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയമാൻ ഷാബിർ എസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അമൽജിത് എം.ടി.കെ സ്വാഗതവും പ്രശസ്ത സിനിമ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയുമായി.വി പി ശരത് പ്രസാദ്, ടി.എൽ സാബു, പി.ആർ ജയപ്രകാശ് , ജോബിസൺ ജെയിംസ്, കെ.കെ ഹനീഫ, കെ.എസ് ഹരിശങ്കർ, ഗോകുൽ പി.എസ്, ശിൽപ അശോകൻ, ഷേബ എം ജോസഫ്, ജോർജ് മത്തായി നൂറനാൽ , കെ. റഫീഖ്, കെ.എം ഫ്രാൻസിസ്, ശ്രീജിത് സി.എസ്, അജ്‌നാസ് അഹമ്മദ് എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ് നന്ദി പറഞ്ഞു.

ദേശഭക്തിഗാന മത്സരത്തിൽ ഫറൂഖും ദേവഗിരിയും ഒന്നാം സ്ഥാനം പങ്കിട്ടു

സുൽത്താൻ ബത്തേരി: വയനാർട്ട് ഇന്റർസോൺ കലോത്സവത്തിൽ ദേശഭക്തിഗാന മത്സരത്തിൽ ഫറൂഖും ദേവഗിരിയുംഒന്നാം സ്ഥാനം പങ്കിട്ടു. അഞ്ചു വർഷക്കാലമായി ദേശഭക്തിഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവഗിരി കോളേജ് ഒന്നാം സ്ഥാനം ഇത്തവണയും നില നിർത്തി. വേദി മൂന്ന് ഗൗരി ലങ്കേഷ് നഗറിലെ ആദ്യ സ്റ്റേജ് മത്സരമായ ദേശഭക്തി ഗാനത്തിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര ജവാൻ വസന്തകുമാറിന് ദേശഭക്തിഗാനം സമർപ്പിച്ചു കൊണ്ടാണ് ദേവഗിരി ഇത്തവണ വേദിയിലെത്തിയത്. മികച്ച നിലവാരം പുലർത്തിയ മത്സരത്തിൽ ചെമ്പൈ മ്യൂസിക് കോളേജ് രണ്ടാംസ്ഥാനവും ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി