കൽപ്പറ്റ: ബന്ദിപ്പൂർ ടൈഗർ റിസർവ്വീലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേ 212 (677), 67 എന്നിവയിൽ നിലനിൽക്കുന്ന രാത്രികാല ഗതാഗത നിരോധനം തുടരണമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധസമിതി ഏകകണ്ഠമായി സുപ്രീം കോടതിയെ അറിയിച്ചു. സമിതി ചെയർമാൻ കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ സെക്രട്ടറി വൈഎസ് മാലിക്കാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

കഴിഞ്ഞ 9 വർഷമായി വന്യജീവികളും യാത്രക്കാരും നിരോധനവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും ബദൽ റോഡ് സംവിധാനം തൃപ്തികരമാണെന്നും നാല് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ടെന്നും സമിതി വിലയിരുത്തി.

2018 സെപ്തംബർ 19ന് ചെയർമാൻ സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ വിദഗ്ദ്ധ സമിതിക്ക് ഏകകണ്ഠമായി തീരുമാനം എടുക്കാൻ കഴിയാത്തതിനാൽ റോഡ് ഗതാഗത വകുപ്പിന്റെ നിർദ്ദേശവും കർണ്ണാടകയുടേയും എം ഒ ഇ എഫിന്റേയും നിർദ്ദേശങ്ങളും വെവ്വേറെ സമർപ്പിക്കുകയുണ്ടായി.

ചെയർമാൻകൂടിയായ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സെക്രട്ടറി വൈഎസ് മാലിക്കിന്റെ നിർദ്ദേശത്തിനെതിരെ കർണ്ണാടകയിൽ വൻ പ്രതിരോധവും സമരപ്രക്ഷോഭങ്ങളും ഉയർന്നിരുന്നു. നാഷണൽ ഹൈവേ 677 ൽ ഒരു കിലോമീറ്റർ നീളത്തിൽ അഞ്ച് മേൽപ്പാലങ്ങൾ ഉണ്ടാക്കിയും, റോഡ് വീതികൂട്ടിയും 24 മണിക്കൂറും റോഡ് തുറന്ന് കൊടുക്കണമെന്നും, ചെലവായി കണക്കാക്കിയ 500 കോടി രൂപയിൽ പകുതി കേരളവും പകുതി കേന്ദ്രവും വഹിക്കണമെന്നുമായിരുന്നു പ്രധാന നിർദ്ദേശം. തുടർന്ന് കർണ്ണാടകയും നിർദ്ദേശത്തെ സുപ്രീം കോടതിയിൽ എതിർത്തു. വിദഗ്ദ്ധ സമിതി റിപ്പോർട്ട് വീണ്ടും സുപ്രീം കോടതി പരിഗണിച്ചപ്പോൾ അറ്റോർണി ജനറലിന്റെ നിർദ്ദേശപ്രകാരം സുപ്രീം കോടതി കമ്മിറ്റി ഓഫ് സെക്രട്ടീസ് (സിഓഎസ്) രൂപീകരിക്കാൻ നിർദ്ദേശിച്ചു.

കേന്ദ്ര ക്യാബിനെറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന

യോഗത്തിൽ എം.ഓ.ഇ.എഫ് ആന്റ് ഇ.ഇ, എംഓആർടിഎച്ച് സെക്രട്ടറിമാരെ കൂടാതെ റോഡ് ഡെവലപ്‌മെന്റ് ഡയറക്ടർ ജനറൽ, സ്‌പെഷൽ സെക്രട്ടറി എന്നിവരും, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ എഐജിയും പങ്കെടുത്തിരുന്നു. കേരളത്തിന് മാത്രമേ എതിർപ്പുള്ളൂവെന്ന് വിലയിരുത്തിയ യോഗം നിലവിലുള്ള നിരോധനം തുടർന്നും നിലനിൽക്കണമെന്ന് ശുപാർശ ചെയ്തു.

...................

2010 ലാണ് ബന്ദിപ്പൂർ നാഷണൽ പാർക്കിലൂടെ കടന്നുപോകുന്ന റോഡുകളിൽ രാത്രി 9 മണിമുതൽ കാലത്ത് 6 മണിവരെ ഗതാഗതം കർണ്ണാടക ഹൈക്കോടതി നിരോധിച്ചത്. വിധിക്കെതിരെ കെഎസ്ആർടിസിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഡ്വ. എൽ ശ്രീനിവാസബാബു, വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നിവരായിരുന്നു റിട്ട് ഹർജി സമർപ്പിച്ചത്. അറ്റോർണി ജനറൽ വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമാണ് കേരള, കർണാടക സംസ്ഥാനങ്ങൾക്ക് സ്വീകാര്യമായ നിർദ്ദേശം സമർപ്പിക്കുന്നതിനായി സുപ്രീം കോടതി വൈഎസ് മാലിക് ചെയർമാനും കർണ്ണാടക,തമിഴ്‌നാട്,കേരള സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്‌പോർട്ട് സെക്രട്ടറിമാരും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സെക്രട്ടറിയും അംഗങ്ങളായ സമിതിയെ 2018 ജനുവരി ഒന്നാം തീയതി നിശ്ചയിച്ചത്.