കൊടിയത്തൂർ : കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് കർഷകരിൽനിന്നും നെല്ല് സംഭരണം ആരംഭിച്ചു. കർഷകർക്ക് നെൽകൃഷി നടത്തുന്നതിന് എല്ലാ പ്രോത്സാഹനവും ബാങ്ക് നൽകിവരുന്നുണ്ട്. ബാങ്കിൻറെ കീഴിലുള്ള ഗ്രീൻ ലാൻറ് കർഷക സേവനകേന്ദ്രത്തിലെ ട്രാക്ടർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ മിതമായ നിരക്കിൽ നൽകിയാണ് നെൽകൃഷിക്കുള്ള സംവിധാനം ഒരുക്കിയത്. കൃഷി ചിലവിനാവശ്യമായ പലിശ രഹിത വായ്പ കർഷകർക്ക് ബാങ്ക് നൽകി വരുന്നു. കർഷക സേവനകേന്ദ്രത്തിന് കീഴിലുള്ള ഗ്രീൻ ആർമി പ്രവർത്തകർ ചെറുവാടി പുഞ്ചപ്പാടത്ത് പത്ത് ഏക്കറിലും, ഹരിത ഫാർമേഴ്‌സ് ക്ലബ്ബ് കൊടിയത്തൂർ കോട്ടമ്മൽ പാടത്ത് ആറ് ഏക്കറിലും ഈ വർഷം നെൽ കൃഷി ഇറക്കി വിളവെടുത്തു. കർഷകർ ഉല്പാദിപ്പിച്ച നെല്ല് പൂർണ്ണമായും സംഭരിച്ച് അപ്പോൾതന്നെ പണം നൽകുന്ന രീതിയാണ് ബാങ്ക് അവലംബിക്കുന്നത്. ഇത് കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ വർഷം 19 ടൺ നെല്ല് ബാങ്ക് സംഭരിച്ചിരുന്നു. നെല്ല് കുത്തി അരിയാക്കി ബാങ്കിൻറെ സൂപ്പർമാർക്കറ്റുകളിലുടെയും സഞ്ചരിക്കുന്ന വിപണന കേന്ദ്രത്തിലൂടെയും വില്പന നടത്തി വരുന്നു.

നെല്ല് സംഭരണത്തിൻറെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബുവിൻറെ അദ്ധ്യക്ഷതയിൽ ജോർജ് എം. തോമസ് എം.എൽ.എ. നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുള്ള, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, മെമ്പർമാരായ ആമിന പാറക്കൽ, ചേറ്റൂർ മുഹമ്മദ്, ടി.പി.സി. മുഹമ്മദ്, പാടശേഖരസമിതി ഭാരവാഹികളായ എ.സി. മൊയ്തീൻ, മമ്മദ്കുട്ടി കുറുവാടങ്ങൽ, ബാങ്ക് ഡയറക്ടർമാരായ പി. ഷിനോ, അഹമ്മദ്കുട്ടി പാറക്കൽ, എ.സി. നിസാർബാബു, സന്തോഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. അസി. സെക്രട്ടറി കെ. മുരളീധരൻ സ്വാഗതവും, ഡയറക്ടർ നാസർ കൊളായി നന്ദിയും പറഞ്ഞു.