നാദാപുരം: സഹോദരൻറെ ഭാര്യയെ ഫോണില്‍ വിളിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. വളയം ചേലത്തോട് സ്വദേശി അശോകനാണ് (37) കുത്തേറ്റത്‌. ഇയാളെ വയറിന് കുത്തേറ്റ നിലയില്‍ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനു എന്നാളാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് അശോകന്‍ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം അശോകൻറെ സഹോദരൻറെ ഭാര്യയെ ബിനു ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചിരുന്നുവത്രേ. ഇത് അശോകന്‍ ചോദ്യം ചെയ്തിരുന്നു. ഇതെ ചൊല്ലി വ്യാഴാഴ്ച രാത്രി പത്തര മണിയോടെ ബിനു അശോകൻറെ വീട്ടില്‍ കയറി അസഭ്യം പറഞ്ഞു. ഇന്നലെ വെള്ളിയാഴ്ച വൈകുന്നേരം ചേലത്തോട് വെച്ച് അശോകന്‍ ബിനുവിനോട് സംഭവത്തെ ചൊല്ലി ചോദിക്കുന്നതിനിടെ ബിനു കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നെന്ന് അശോകന്‍ വളയം പൊലീസില്‍ നൽകിയ മൊഴിയിൽ പറയുന്നു. അഞ്ചു പ്രാവശ്യം ബിനു കത്തിയെടുത്ത് തൻറെ നേരെ വീശിയെന്നും ഇതില്‍ ഒരു കുത്ത് മാത്രമാണ് വയറിനേറ്റതെന്നും അശോകന്‍ പറഞ്ഞു. സംഭവത്തിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.