വടകര: വടകര സഹകരണാശുപത്രിയില്‍ തീപ്പിടിത്തം. സംഭവം ആശങ്ക പരത്തി. നിരവധി രോഗികളുള്ള ഒന്നാം നിലയിലാണ് ഇന്ന് വൈകുന്നേരം ആറരയോടെ തീപ്പിടിത്തമുണ്ടായത്. സ്‌ഫോടന ശബ്ദത്തോടെ പുക ഉയര്‍ന്നതോടെ രോഗികള്‍ അവശരായി. ഇതോടെ കൂട്ടിരിപ്പുകാര്‍ താഴെയുള്ള കൗണ്ടറില്‍ വിവരമറിയിച്ചെങ്കിലും ഇവിടെ നിന്നും അവസോരിചിതമായി ഇടപെടാത്തതിനാല്‍ കൗണ്ടറിന്റെ ചില്ലുകള്‍ അടിച്ചുപൊട്ടിച്ചു. തുടര്‍ന്ന് അവശരായ രോഗികളെ വടകരയിലെ തന്നെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. ഒന്നാം നിലയിലാണ് ഐസിയുവും മറ്റും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ മുപ്പതോളം രോഗികളെ വിവിധ ആശുപത്രികളില്‍ എത്തിക്കേണ്ടിവന്നു.

പുക പടര്‍ന്നതോടെ ഒന്നാംനിലയിലെ വാര്‍ഡുകളിലെ രോഗികളും ബന്ധുക്കളും ഇറങ്ങിയോടുകയായിരുന്നു. സംഭവം പരിഭ്രാന്തിക്ക് ഇടയാക്കിയെങ്കിലും പെട്ടെന്നു തന്നെ തീ നിയന്ത്രിക്കാനായി. സംഭവമറിഞ്ഞ് നിരവധി പേരാണ് ആശുപത്രിയിലെത്തിയത്. ഒന്നാം നിലയിലുണ്ടായിരുന്ന ഇന്‍വര്‍ട്ടറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീയും പുകയും പടര്‍ന്നത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തിയെങ്കിലും രോഗികളും കൂട്ടിരിപ്പുകാരും ഏറെ നേരം പരിഭ്രാന്തിയിലായി. തീ പടര്‍ന്നുണ്ടായ പുകയില്‍ ആശുപത്രി മുങ്ങി. അവശരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരുമായ രോഗികളെ വടകരയിലെ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വടകരയിൽ കൂടി തലങ്ങും വിലങ്ങും ആംബുലൻസ് ഓടുന്നത് എന്തെന്നറിയാതെ നാട്ടുകാരും അങ്കലാപ്പിലായി. പത്തിലേറെ ആംബുലന്‍സുകളാണ് കുതിച്ചെത്തിയത്. രോഗികളില്‍ ആരുടേയും നില ഗുരുതരമല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡിവൈഎസ്പി പി.പി.സദാനന്ദന്‍, സിഐ അബ്ദുള്‍കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തുണ്ടായിരുന്നു.