മുക്കം: പൊതു സ്ഥലത്തും റോഡരുകിലും മാലിന്യം തള്ളുന്നവർക്കെതിരെ മുക്കം നഗര സഭ നിയമ നടപടി ആരംഭിച്ചു. മുക്കം നഗരത്തിൽ പിസി റോഡിൽ വൈദ്യുതി ഓഫീസിന്റെ പരിസരത്ത് റോഡിനോട് ചേർന്ന് പലരും കൊണ്ടുവന്ന് തള്ളിയ മാലിന്യം ചീഞ്ഞുനാറാൻ തുടങ്ങിയതാണ് നടപടിക്ക് കാരണമായത്.നഗരസഭ സെക്രട്ടറി എൻ കെ ഹരീഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പ്രശോഭ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പക്ടർമാർ അടക്കമുള്ള ആരോഗ്യ വിഭാഗം ജീവനക്കാരും പൊലീസും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. ചാക്കുകെട്ടുകൾ അഴിച്ച് പരിശോധിച്ചതിൽ മാലിന്യത്തിന്റെ ഉത്തരവാദികളായ മുക്കം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ വ്യക്തികൾ എന്നിവരെ കണ്ടെത്തുകയും ഇവർക്ക് നിയമാനുസൃത പിഴ ചുമത്തുകയും ചെയ്തു.ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് നോട്ടീസു നൽകുകയും നിയമനടപടി സ്വീകരിക്കാൻ പൊലീസിനോടാവശ്യ പ്പെടുകയും ചെയ്തു. മഴക്കാലം ആരംഭിക്കാനും രോഗം പരക്കാനുമുള്ള സാദ്ധ്യത കണക്കിലെടുത്ത് മാലിന്യം തള്ളുന്നതിനെതിരായ നടപടി കർശനമാക്കാനാണ് നഗരസഭയുടെ നീക്കം.