വടകര: എടോടിയിലെ ഡാലിയ സ്‌ക്വയര്‍ എന്ന കെട്ടിടത്തില്‍ നിന്നും കക്കൂസ് മാലിന്യങ്ങളടക്കമുള്ള മലിനജലം ഓവുചാലിലേക്കും കരിമ്പനതോടിലേക്കും ഒഴുക്കിവിടുന്നതായി കണ്ടെത്തി. വ്യാഴാഴ്ച രാത്രിയിലാണ് സ്ഥാപനങ്ങളില്‍ നിന്നും മലിനജലം പമ്പ് ഉപയോഗിച്ച് ഓവുചാലിലേക്ക് ഒഴുക്കിയത്. പത്തുമണിയോടെ ഇത് കണ്ട നാട്ടുകാര്‍ വലിവരം അറിയച്ചിനെതുടര്‍ന്ന് നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ചു. പരിശോധനയില്‍ മാലിന്യ സംസ്‌കരണത്തിനായി യാതൊരു സംവിധാനവും ഒരുക്കിയ്‌ല്ലെന്ന് കണ്ടെത്തി. കക്കൂസില്‍ നിന്നടക്കമുള്ള മലിനജലം ടാങ്കുകളില്‍ ശേഖരിച്ച് അവിടെ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് നേരിട്ട് ഓവുചാലിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ കെട്ടിടത്തിന് താല്‍കാലിക ഒക്യൂപ്പന്‍സിയും സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും നല്‍കിയത്. കെട്ടിടത്തിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. മലിനജല സംസ്‌കരണത്തിനുള്ള എസ്.ടി.പി പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചാലേ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കൂ എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ ഇപ്പോള്‍ നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ബോര്‍ഡ് അധിക്യതര്‍ അറിയിച്ചു. പരിശോധനയ്ക്ക് നഗരസഭാ സെക്രട്ടറി കെ.യു.ബിനി, എ.ഇ.വിപിന്‍, എം.ഇ.സജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.