സുൽത്താൻ ബത്തേരി: ട്രാൻസ്ജെന്ററുകൾക്ക് സമൂഹത്തിൽ മറ്റുള്ളവരെപോലെ തന്നെ എല്ലാ അധികാര അവകാശങ്ങളും ഉണ്ട്. ഇത് വെളിപ്പെടുത്താനും സമൂഹത്തിൽ മറ്റുള്ളവർക്ക് പിന്നിലല്ല തങ്ങളെന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ട്രാൻസ് സെക്ഷ്വലായ റിയ ഇഷ നാട്യവേദിയിൽ ചിലങ്കയണിഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്റർ സോൺ കലോൽസവത്തിലാണ് റിയ നാടോടി നൃത്തത്തിലുടെ ട്രാൻസ് ജെന്ററുകൾക്ക് വേണ്ടി ചിലങ്ക കെട്ടിയത്.
മലപ്പുറം ഗവ. കോളേജിലെ ബി.എ. ഇക്കണോമിക്‌സ് ബിരുദ വിദ്യാർത്ഥിനിയാണ് റിയ. സമൂഹത്തിന്റെ ഭാഗമാണ് ട്രാൻസ്ജെന്ററും എന്ന ചിന്ത എല്ലാവരിലും ഉണ്ടാക്കുകയും ഇനി കടന്ന് വരുന്ന ഒരു ട്രാൻസ് ജെന്ററിന് വഴി തെളിയിച്ചുകൊടുക്കുകയുമാണ് റിയയുടെ ലക്ഷ്യം.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ട്രാൻസ്ജെന്റർ ഇന്റർസോൺ മൽസരത്തിൽ പങ്കെടുക്കുന്നത്. ഇന്റർ സോണിൽ ജനറൽ വിഭാഗത്തിലോ ട്രാൻസ് ജെന്റർ വിഭാഗത്തിലോ അല്ല റിയ മൽസരിച്ചത്. റിയയുടെ നാടോടി നൃത്തം പ്രത്യേക ഇനമാക്കിനടത്തുകയായിരുന്നു.
ട്രാൻസ്ജെന്ററുകളുടെ അധികാര അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന റിയ നാഷണൽ അദാലത്ത് കമ്മറ്റിയിലെ ആദ്യജഡ്ജ്, മനുഷ്യവകാശ കമ്മിഷൻ സംസ്ഥാന മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. കൂരാച്ചുണ്ട് സ്വദേശിയാണ്. ഇപ്പോൾ മഞ്ചേരിയിലാണ് താമസം. ലിംഗ മാറ്റത്തിലൂടെയാണ് സ്ത്രീയായി മാറിയത്. ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ആലസ്യത്തിലായിരുന്നെങ്കിലും അത് വകവെക്കാതെയാണ് വേദിയിൽ നിറഞ്ഞാടിയത്.
കോളേജുകളിൽ ട്രാൻസ് ജെന്ററിന് രണ്ട് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എൻ.സി.സി ക്കും പ്രത്യേക സംവരണം അനുവദിക്കണമെന്നാണ് റിയ ഇഷയ്ക്ക് പറയാനുള്ളത്.
കഥകളിയിൽ ആർദ്ര പ്രേമിന്റെ ജൈത്രയാത്ര
സുൽത്താൻ ബത്തേരി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മരുമകന്റെ മകളും പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം പ്രേംകുമാറിന്റെ മകളുമായ ആർദ്ര പ്രേം കഥകളിയിൽ തുടർച്ചയായ മൂന്നാം ഇന്റർ സോണിലും മികവ് തെളിയിച്ചു. ആർദ്രക്കൊപ്പം കാവ്യ ജി.നായർ കന്നി പ്രകടനത്തിലൂടെ കഥകളിയിൽ ജേതാവായി.
ഹൈസ്‌കൂൾ തലത്തിൽ തുടർച്ചയായി അഞ്ച് വർഷവും കോളേജിൽ മൂന്ന് വർഷവും ആർദ്രയെ കഥകളിയിൽ വെല്ലാൻ ആരുമുണ്ടായിരുന്നില്ല. കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ ബി.എസ്.സി.ബോട്ടണി വിദ്യാർത്ഥിനിയാണ്. കാലകേയ വധത്തിലെ അർജുനനെയാണ് ആർദ്ര പ്രേം അവതരിപ്പിച്ചത്. പാലക്കാട് ഗവ.വിക്‌ടോറിയ കോളേജിലെ ഒന്നാം വർഷ ബി.എസ്.സി. ബോട്ടണി വിദ്യാർത്ഥിനിയായ കാവ്യ ജി.നായർ ബ്രഹ്മാവിൽ നിന്ന് വരം നേടിയ രാവണൻ തന്റെ അനുജൻമാരെയും ബ്രഹ്മാവിൽ നിന്ന് വരം നേടുന്നതിന് വേണ്ടി പറഞ്ഞയക്കുന്ന ഭാഗം ആടിയാണ് ആർദ്രയോടൊപ്പം ഒന്നാം സ്ഥാനത്തിന് അർഹയായത്.