കോഴിക്കോട്: മഴക്കാലമാകുന്നതോടെ പടർന്ന് പിടിക്കുന്ന പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിന് മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം കോഴിക്കോട് ജില്ലയിൽ മേയ് 11, 12 തിയതികളിൽ നടത്തും. സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണത്തിൽ സജീവ പങ്കാളിത്തം വഹിക്കുവാൻ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുളങ്ങൾ, നദികൾ, തോടുകൾ, അഴുക്കുചാലുകൾ തുടങ്ങിയവ വൃത്തിയാക്കും. ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ആറ്, ഏഴ് തിയതികളിൽ തദ്ദേശ സ്ഥാപന തലങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് പദ്ധതി തയ്യാറാക്കും. മേയ് 10 നകം എം.എൽ.എമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്ത് പ്രവർത്തന പുരോഗതി വിലയിരുത്തും. മഴക്കാല പൂർവ്വ ശുചീകരണ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിനും ശുചിത്വ മിഷന്റെ 10,000 രൂപയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 10,000 രൂപയും ലഭിക്കും. പഞ്ചായത്തുകൾക്ക് തനതു ഫണ്ടിൽ നിന്ന് 5,000 രൂപ വീതം വാർഡുകൾക്കായി ചെലവഴിക്കുകയും ചെയ്യാം. ഇതുകൂടാതെ മാലിന്യ നിർമാർജനത്തിനുള്ള പൊതുപദ്ധതികൾക്കായി തനതു ഫണ്ടിൽ നിന്ന് ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാൻ അനുമതിയുണ്ട്. ശുചിത്വ മിഷന്റെ ഫണ്ട് വിതരണം വൈകുകയാണെങ്കിൽ തനത് ഫണ്ട് ചെലവഴിച്ച് പിന്നീട് റീഇംപേഴ്‌സ് ചെയ്യാം.
പ്രധാനവഴി മാലിന്യ വ്യാപനം തടയുകയാണെന്നും ഇതിന് ജനങ്ങളെ അണിനിരത്തിയുള്ള മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകളുടെ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്നും യോഗത്തിൽ പങ്കെടുത്ത തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. യോഗത്തിൽ ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
മഴക്കാലത്ത് കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് കൊതുകിന്റെ ഉറവിടം നശിപ്പിക്കണമെന്ന് അഡീഷണൽ ഡി.എം.ഒ ഡോ.ആശാദേവി പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, പറമ്പുകൾ, ഉപയോഗിക്കാത്ത വള്ളങ്ങൾ എന്നിവ കൊതുകു വളർത്തു കേന്ദ്രങ്ങളാകുന്നത് തടയണം. യോഗത്തിൽ എം.എൽ.എമാരായ എം.കെ മുനീർ, വി.കെ.സി മമ്മദ് കോയ, സി.കെ നാണു, കെ. ദാസൻ, പി.ടി.എ റഹീം, പുരുഷൻ കടലുണ്ടി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, നഗരസഭാ ചെയർമാൻമാർ, ബ്ലാക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, എ.ഡി.എം ഇ.പി മേഴ്‌സി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.