ele
കുട്ടിക്ക് കാവൽ നിൽക്കുന്ന കാട്ടാനക്കൂട്ടം

 കാവലായി ആനക്കൂട്ടം

കൽപ്പറ്റ: നിറവയറുമായി നാട്ടിലിറങ്ങിയ കാട്ടാന തേയിലത്തോട്ടത്തിനടുത്ത് പ്രസവിച്ചു. വൈത്തിരി മുള്ളൻപാറയിൽ വനത്തോട് ചേർന്ന ഭാഗത്താണ് പ്രസവം. പ്രസവവേദന തുടങ്ങിയ പിടിയാനയ്ക്ക് ചുറ്റുമായി കാട്ടുകൊമ്പൻമാർ വട്ടം നിന്നു. അമ്മയ്ക്കും കുട്ടിക്കുമായി 11 ആനകളുടെ കാവൽ. ഇതു കണ്ട് അടുത്തെത്തിയ ആളുകൾക്ക് നേരെ അലറിക്കൊണ്ട് ചിലത് പാഞ്ഞടുത്തു.

ശനിയാഴ്ച പുലർച്ചെയോടെയാണ് കാട്ടാനക്കൂട്ടം ജനങ്ങളു‌ടെ ശ്രദ്ധയിൽപ്പെട്ടത്. കൂടിനിൽക്കുന്ന ആനകൾക്കിടയിലൂടെ കുട്ടിയാനയെ നാട്ടുകാരിൽ ചിലർ കണ്ടു. പക്ഷേ അടുക്കാനായില്ല. നവാതിഥിയെ തുമ്പിക്കെ കൊണ്ട് തഴുകിയും തലോടിയും ആനംക്കൂട്ടം നിലയുറപ്പിച്ചിരുന്നു. കൂട്ടത്തിൽ നാല് കുട്ടിയാനകളുമുണ്ട്.

ചെങ്കുത്തായ തേയിലക്കാട് മറികടന്നു വേണം ആനകൾക്ക് വനത്തിലെത്താൻ. കുട്ടിയാനയ്ക്ക് ദുർഘട പാത വഴിയുള്ള യാത്ര പ്രയാസമാവും. നടക്കാൻ കുട്ടിയാന പ്രാപ്തമാവുംവരെ താഴ്‌വാരത്ത് ആനക്കൂട്ടം നിലയുറപ്പിക്കാനാണ് സാദ്ധ്യതയെന്ന് വനപാലകർ പറഞ്ഞു. കുട്ടിക്കുൾപ്പെടെ സുരക്ഷയൊരുക്കാനും ആളുകൾ അടുക്കാതിരിക്കാനും വനപാലകർ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.