കുന്ദമംഗലം: മർകസിന് മുമ്പിൽ ദേശീയപാതയിൽ ലോറിയിടിച്ച് തകർന്ന ബസ്സ്കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കുവാൻ ഗ്രാമ പഞ്ചായത്തിന് കടമ്പകളേറെ. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കോൺക്രീറ്റിൽ നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം രണ്ട് മാസം മുമ്പാണ് നിയന്ത്രണം വിട്ട് വന്ന ലോറി തകർത്തത്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. സാധാരണ ആ സമയത്ത് നൂറിലേറെ വിദ്യാർത്ഥികൾ ബസ്സ് സ്റ്റോപ്പിലും പരിസരത്തുമായി ഉണ്ടാകാറുണ്ട്. അന്ന് രണ്ടോ മൂന്നോ പേർ മാത്രമേ ബസ്സ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. രണ്ട് പേർക്ക് പരിക്കേറ്റു.

എന്നാൽ ദേശീയ പാതയിൽ മർകസ് സ്ഥാപനങ്ങളുടെ പ്രധാന കവാടത്തിനരികെയുള്ള ഈ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കുവാൻ സാങ്കേതിക കുരുക്കുകൾ കാരണം കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വയനാട്,മുക്കം ഭാഗത്തേക്ക് പോകുന്ന വിദ്യാർത്ഥികളടക്കമുള്ള ഒട്ടനവധി യാത്രക്കാർക്ക് ആശ്വാസമായിരുന്നു ഈ ബസ്സ് കാത്തിരിപ്പ് കേന്ദ്രം. കെട്ടിടം തകർത്ത ലോറി ഉടമയെകൊണ്ട് നഷ്ടപരിഹാരം ഈടാക്കുവാനോ അവരെകൊണ്ട് തന്നെ ബസ് സ്റ്റോപ്പ് നിർമ്മിക്കുവാനോ ഇതുവരെ സാധിച്ചിട്ടില്ല. ഇനി ഇതേ സ്ഥലത്ത് ബസ് സ്റ്റോപ്പ് നിർമ്മിക്കണമെങ്കിൽ പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാത അധികൃതരുടെയും അനുമതി വേണം. ഏതായാലും സ്ക്കൂൾ തുറക്കുന്നതിന് മുമ്പ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായും പുന‌ർനി‌ർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.