സുൽത്താൻ ബത്തേരി: കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ സോൺ കലോൽസവത്തിന്റെ നാലം ദിവസമായ ഇന്നലെ 70 ഇനങ്ങൾ പൂർത്തീകരിച്ചപ്പോൾ കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരി ജൈത്ര യാത്ര തുടരുകയാണ്. 72 പോയന്റ് നേടിയാണ് കലാകിരീടത്തിലേക്ക് ചുവട് വെച്ചുകൊണ്ടിരിക്കുന്നത്. മുൻ വർഷത്തെ ഹാട്രിക് ജേതാക്കളായ കോഴിക്കോട് ഫറൂഖ് കോളേജ് 64 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. തൊട്ട് പിന്നിൽ 62 പോയന്റുമായി പാലക്കാട് വിക്‌ടോറിയ കോളേജ് മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കലാമേള ഇന്ന് വൈകീട്ട് സമാപിക്കും.
മധുര പ്രതികാരവുമായി മേഘ്‌ന
സുൽത്താൻ ബത്തേരി:ഹിറ്റ്‌ലറിന്റെ യുദ്ധക്കൊതിയുടെ കഥ പറഞ്ഞ് കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മേഘ്‌ന ഗോവിന്ദ് എന്ന ദേവഗിരിയുടെ താരം ഡി സോണിൽ നിന്ന് അപ്പീൽ വഴിയാണ് വയനാർട്ടിൽ എത്തിയത്. 'യുദ്ധമാണൂഴിതൻ ദുഃഖം, യുദ്ധമാണൂഴി തൻ ശാപം.
ശാസ്ത്രമേ സത്യ മാതാ ശക്തിയായ് ശാന്തിയായ് വാഴ്ക. നിത്യ ശക്തിയായ് ശാന്തിയായ് വാഴ്ക' എന്നു പാടിത്തുടങ്ങിയാണ് ഗ്ലാസ് ചേംബർ എന്ന കഥാപ്രസംഗം ആരംഭിച്ചത്. പി.കെ കൃഷ്ണദാസ് ആണ് മേഘ്‌നയുടെ ഗുരു. വയനാർട്ടിൽ ദേശഭക്തിഗാനത്തിലും ഒന്നാം സ്ഥാനം മേഘ്‌നയ്ക്കും കൂട്ടർക്കുമാണ്.
സെന്റ് ജോസഫ്‌സ് ദേവഗിരി കോളേജിലെ മൂന്നാം വർഷ ഫിസിക്‌സ് വിദ്യാർത്ഥിനിയായ മേഘ്‌ന കവിതാ പാരായണത്തിലും കുച്ചിപ്പുഡിയിലും നാടകത്തിലും നിരവധി സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്