വടകര: ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തോടെ ടി.പി ചന്ദ്രശേഖരന്‍ ഏഴാം വാർഷിക രക്തസാക്ഷി ദിന അനുസ്മരണം നടന്നു. തുടര്‍ന്നുനടന്ന പൊതുസമ്മേളനം ആര്‍എംപിഐ ദേശീയ ചെയര്‍മാന്‍ കെ ഗംഗാധര്‍ ഉദ്ഘാടനം ചെയ്തു. വലതുപക്ഷ നയങ്ങളെ എതിര്‍ക്കാനും സമൂല മാറ്റം വരുത്താനും രൂപംകൊണ്ട കമ്യൂണിസ്റ്റ് കക്ഷികള്‍ വലതുപക്ഷമാകുന്ന കാഴ്ചയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലതുവത്കരിക്കപ്പെട്ട സിപിഎമ്മില്‍ നിന്ന് പുറത്തേക്കുവന്ന ടി.പി ചന്ദ്രശേഖരന്റെ നിലപാടുകളായിരുന്നു ശരിയെന്ന് കാലം തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സി ഉമേഷ്ബാബു, ടി.എല്‍ സന്തോഷ്, കെ.എസ് ഹരിഹരന്‍, എന്‍ വേണു, കെ.കെ രമ, കെ.പി പ്രകാശന്‍, കുളങ്ങര ചന്ദ്രന്‍ സംസാരിച്ചു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി രാവിലെ കേരളത്തിലുടനീളമുള്ള പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രഭാതഭേരിയും പുഷ്പാര്‍ച്ചനയും നടന്നു. നെല്ലാച്ചേരിയിലെ ടി.പി സ്മൃതി മണ്ഡപത്തില്‍ സംസ്ഥാന സെക്രട്ടറി എന്‍ വേണു പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് റവല്യൂഷണി യൂത്ത് പെണ്‍കുട്ടികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് അരങ്ങേറി.