വടകര : നഗരത്തിലും നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ വിളയാട്ടം മനുഷ്യ ജീവന് ഭീഷണിയാവുന്നു. കൂട്ടമായി പിന്നാലെ ഓടുന്ന ഇവയെ പേടിച്ച് അമിത വേഗത്തില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടക്കേണ്ടി വരുമ്പോഴാണ് പലപ്പോഴും അപകടമുണ്ടാവുന്നത്. കഴിഞ്ഞ ദിവസം കോട്ടക്കടവ് വെച്ച് തെരുവു നായ്ക്കള്‍ റോഡിന് കുറുകെ ഓടിയത് മൂലം സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടയാള്‍ മരണപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. അങ്ങാടിത്താഴെ പുതിയപുരയില്‍ അബ്ദുല്‍ കരീമാണ് മരണപ്പെട്ടത്. ബന്ധുവിന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ യാത്ര ചെയ്യവേയാണ് അബ്ദുല്‍ കരീം അപകടത്തില്‍ പെട്ടത്. തെരുവു പട്ടി കുറുകെ ഓടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കരീം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മരണപ്പെടുകയായിരുന്നു. വടകര പട്ടണത്തില്‍ കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവുണ്ടായി. തെരുവു പട്ടികള്‍ പുറകെ ഓടിയതിന് തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ക്ക് വീണ് പരിക്കേല്‍ക്കുകയായിരുന്നു. കാല്‍നട യാത്രക്കാര്‍ക്കും തെരുവ് നായ്ക്കള്‍ ഭീഷണിയാണ്. രാത്രി പത്ത് മണി കഴിഞ്ഞാല്‍ വടകര നഗരത്തില്‍ പേടിയോടെ മാത്രമെ നടക്കാനാവൂ. തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടികള്‍ പേരിലൊതുങ്ങുകയാണ്. കോട്ടക്കടവ് ഭാഗത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ ഭീതിയോടെയാണ് വീട്ടുകാര്‍ സ്‌കൂളിലേക്കയയ്ക്കുന്നത്. രാത്രി സമയങ്ങളില്‍ ഓട്ടോക്കാര്‍ ട്രിപ്പ് വിളിച്ചാല്‍ പോലും പോകാത്ത സ്ഥിതിയിലാണ്. തെരുവ് നായ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അങ്ങാടിത്താഴയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.പി അഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.