@ കനോലി കനാൽ ശുചീകരണ പദ്ധതിക്ക് ഇന്ന് തുടക്കമാകും
@ ശുചീകരണം ജലപാത പദ്ധതിയുടെ ഭാഗം
കോഴിക്കോട്: ജലപാത പദ്ധതിയുടെ ഭാഗമായി കനോലി കനാൽ ശുചീകരിക്കുന്ന പ്രവൃത്തിക്ക് ഇന്ന് തുടക്കമാകും. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയിട്ടും കനാലിന്റെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി നടപ്പാക്കിയ ഓപ്പറേഷൻ കനോലി കനാൽ പദ്ധതി പാളിപ്പോയിരുന്നു. ഈ സാഹചര്യത്തിലാണ് ജലപാത പദ്ധതിയുടെ ഭാഗമായി വീണ്ടും കനോലി കനലാൽ ശുചീകരണം ആരംഭിക്കുന്നത്.
കേരള വാട്ടർ വെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്(ക്വിൽ)ന്റെ നേതൃത്വത്തിലാണ് ശുചീകരണം. ഇതിനായി ഡ്രഡ്ജർ, ക്രെയിൻ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കും.
സംസ്ഥാന സർക്കാരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് ക്വിൽ രൂപീകരിച്ചത്. 46 ലക്ഷം രൂപയാണ് കല്ലായ് മുതൽ എരഞ്ഞിക്കൽ വരെയുള്ള 11.2 കിലോ മീറ്റർ ദൂരത്തെ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുക.
മഴക്കാലത്തിന് മുമ്പ് ശുചീകരണ പ്രവൃത്തി പൂർത്തീകരിക്കും. മഴക്കാലത്ത് ഇതിലൂടെ ബോട്ട് യാത്ര ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ബോട്ട് യാത്ര സാദ്ധ്യമാകുന്ന തരത്തിൽ ചെളി നീക്കി ഒന്നര മീറ്റർ ആഴം കൂട്ടും. കല്ലായിപ്പുഴയുടെ ഭാഗത്തെ ചെളി പൂർണമായി നീക്കും. കുളവാഴകൾ പൊടിച്ചു കളയുകയും അജൈവ വസ്തുക്കൾ പൂർണമായി നീക്കുകയും ചെയ്യും.
കൊടുങ്ങല്ലൂർ മുതൽ മാഹി വരെയുള്ളതാണ് ജലപാതയുടെ രണ്ടാംഘട്ട പ്രവർത്തനം. കോർപ്പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ് പ്രവൃത്തി നടക്കുന്നത്. രണ്ടുമാസംകൊണ്ട് പൂർത്തീകരിക്കും.
@ ഓപ്പറേഷൻ കനോലി കനാൽ പാളി
തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും മാറിയപ്പോഴാണ് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ ഓപ്പറേഷൻ കനോലി കനാലിന്റെ പ്രവർത്തനങ്ങൾ നിന്നു പോയത്. ഇതോടെ കനോലി കനാലിലൂടെ മാലിന്യം ഒഴുകുന്നത് സാധാരണയായി. പ്ലാസ്റ്റിക്ക് സഞ്ചികളും, കുപ്പികളും, കോഴിമാലിന്യവുമെല്ലാം കനാലിൽ നിറഞ്ഞു. സരോവരം ബയോ പാർക്ക്, എരഞ്ഞിപ്പാലം ബൈപ്പാസ് എന്നിവിടങ്ങളിൽ കറുത്ത ജലവും കുളവാഴയുമൊക്കെ വീണ്ടും നിറഞ്ഞു.
നിറവ് വേങ്ങേരിയുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ഭരണകൂടം, നഗരസഭ, വിവിധ പരിസ്ഥിതി സംഘടനകൾ എന്നിവ സഹകരിച്ചായിരുന്നു ഓപ്പറേഷൻ കനോലി കനാൽ ആരംഭിച്ചത്. ഏഴു മാസം മുമ്പ് ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി മരങ്ങളും പ്ലാസ്റ്റിക്ക് മാലിന്യവുമുൾപ്പടെ 500 ടൺ മാലിന്യമായിരുന്നു കനാലിൽ നിന്ന് നീക്കം ചെയ്തത്. ഒന്നാംഘട്ട ശുചീകരണത്തിന് ശേഷം രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി കനാലിനെ എട്ട് സെക്ടറുകളാക്കി തിരിച്ചിരുന്നു. വിവിധ പരിസ്ഥിതി സന്നദ്ധ സംഘടനകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും ഇവയുടെ ചുമതല നൽകി. ഓരോ പ്രദേശത്തും ഓരോ 'ഹരിത കേന്ദ്രം' സ്ഥാപിച്ച് കനോലിയെ ശുചീകരിക്കാനായിരുന്നു പദ്ധതി.
കനാലിലേക്ക് തുറന്നിട്ട മാലിന്യ ഓവുചാലുകൾ അടയ്ക്കാൻ പോലും കോർപ്പറേഷന് സാധിച്ചിരുന്നില്ല. മാലിന്യം കൊണ്ടുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിക്കുമെന്നും തീരുമാനം എടുത്തിരുന്നു.