കോഴിക്കോട്: എരഞ്ഞിക്കലിലെ പഴയപാലം അപകട ഭീഷണി ഉയർത്തുന്നു. കനോലി കനാലിന് മുകളിലൂടെയുള്ള 33 വർഷം പഴക്കമുള്ല പാലം മാറ്റി പുതിയ പാലം സ്ഥാപിക്കുകയോ നവീകരിക്കുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അത്തോളി ഭാഗത്തുനിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള പ്രധാന യാത്രാ മാർഗം കൂടിയാണ് എരഞ്ഞിക്കലിലെ പഴയ പാലം.

കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതും കാലപ്പഴക്കവുമാണ് എരഞ്ഞിക്കൽ പഴയ പാലത്തെ അപകടാവസ്ഥയിലാക്കിയത്.

മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിന്റെ കൈവരികളിലെ ഇരുമ്പു കമ്പികൾ തുരുമ്പെടുത്ത് നശിച്ചു. ചില ഭാഗങ്ങളിൽ ഇരുമ്പ് കമ്പികൾ പൊട്ടി വീഴുകയും ചെയ്തിട്ടുണ്ട്. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം സംഭവിക്കാതിരിക്കാൻ തുരുമ്പെടുത്ത് പൊട്ടിവീണ കമ്പികൾക്ക് പകരം മരക്കഷ്ണങ്ങൾ കൊണ്ട് കൂട്ടിക്കെട്ടി നാട്ടുകാർ താൽക്കാലികമായി കൈവരി നിർമിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പാലത്തിന്റെ ഭാഗത്തെ കൈവരി വാഹനാപകടത്തിൽ തകരുകയും ചെയ്തു. ഇത് വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്.

അതേസമയം കോരപ്പുഴ പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ സാധാരണ യാത്രക്കാരേക്കാൾ കൂടുതൽ വാഹനങ്ങളും യാത്രക്കാരും ഇതുവഴി കടന്നുപോകുന്നുണ്ട്. പാലത്തിന്റെ കൈവരികളെങ്കിലും പുതുക്കിപ്പണിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് വകുപ്പ് മന്ത്രിക്കും അധികൃതർക്കും പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.

1986 നവംബർ നാലിനാണ് കനോലി കനാലിന് കുറുകെ ഉണ്ടായിരുന്ന താൽകാലിക പാലം പൊളിച്ച് മാറ്റി പുതിയ പാലം നിർമിച്ചത്. ഇതിന് ശേഷം പാലത്തിന്റെ കൈവരികൾക്ക് പെയിന്റടിക്കുന്ന പ്രവൃത്തി മാത്രമേ ചെയ്യാറുള്ളൂവെന്നും ഏറെ കാലമായി അതും മുടങ്ങിയിരിക്കുകയാണെന്നും പ്രദേശവാസികൾക്ക് പരാതിപ്പെടുന്നു.