കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കള്ളാട് കുഞ്ഞിപറമ്പത്ത് നാണുവിന് ഇനി കിടന്നുറങ്ങാൻ ഒരു വീട് ഉണ്ട്.

ഭാര്യയും രണ്ട് പെൺമക്കളും അടങ്ങിയ കുടുംബം പഴക്കം ചെന്ന ചോർന്നൊലിക്കുന്ന വീടിലാണ് കഴിഞ്ഞിരുന്നത്. സി.പി.എം മരുതോങ്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാണുവിന് വീടൊരുക്കാനുള്ള ശ്രമത്തിന് തുടക്കം കുറിച്ചത്.

2013 ഡിസംബർ പതിമൂന്നിന്ന് രാത്രി കള്ളാട്ടുള്ള തന്റെ പീടിക കോലായിൽ നിന്ന് തൊട്ടരികിലെ റോഡിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു ഇദ്ദേഹം. വീഴ്ച്ചയിൽ നട്ടെല്ലിന്ന് കാര്യമായ ക്ഷതം സംഭവിച്ചു. ആറ് വർഷക്കാലം ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും ശരീരത്തിന്ന് എൺപത്തിയഞ്ച് ശതമാനത്തോളം ചലനശേഷിക്കുറവും വിട്ടുമാറാത്ത വിധം വേദനയും ആയിരുന്നു. മാസങ്ങൾക്ക് മുൻപ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹൻ വീടിന്റെ തറക്കല്ലിടൽ കർമ്മം നടത്തി. ഒരു ദിവസം കൊണ്ട് തന്നെ പാർട്ടി പ്രവർത്തകരും നാട്ടുകാരും തറയുടെ പണി ശ്രമദാനമായി നടത്തി.തുടർന്ന് നിരവധി ആളുകളുടെ സഹായസഹകരണത്താൽ വീടിന്റെ നിർമാണം പൂർത്തീകരിക്കുകയായിരുന്നു. പതിനഞ്ച് ലക്ഷം രൂപ ചെലവാക്കിയാണ് വീട് പൂർത്തീകരിച്ചത്.

ഇന്നലെ നടന്ന ഗൃഹപ്രവേശനത്തിന് പ്രദേശവാസികളും നിരവധി പാർട്ടി പ്രവർത്തകരും എത്തിയിരുന്നു. അതിഥികളായി എത്തിയ എല്ലാവർക്കും നാട്ടുകാരും, അയൽവാസികളും വിഭവസമൃദ്ധമായ സദ്യ ഒരുക്കി. വീടിന്റെ താക്കോൽ സി .പി .എം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനൻ നാണുവിന്ന് കൈമാറി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി, കെ കെ ലതിക, കെ.കെ ദിനേശൻ, കെ.കെ.സുരേഷ്, കെ.ടി മനോജൻ, കെ.കെ നന്ദനൻ, ടി.വി കുമാരൻ, കെ.കൃഷ്ണൻ, പുത്തൻപുരയിൽ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.