കോഴിക്കോട്: കൊടുവള്ളിയിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് ക്യാമ്പിൽ ഭക്ഷ്യവിഷബാധ. അൻപതിലധികം കുട്ടികൾ ഛർദിയും വയറിളക്കവുമായി വിവിധ ആശുപത്രികളിൽ ചികിൽസ തേടി. വൈകിട്ട് ഒരു കുട്ടിയാണ് ആശുപത്രിയിൽ എത്തിയത്. പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിക്കുകകയായിരുന്നു.

കൊടുവള്ളി വട്ടോളി എളേറ്റിൽ എം.ജെ സ്‌കൂളിൽ നടന്ന ക്യാമ്പിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സമാപനദിവസമായ ഇന്നലെ വിതരണം ചെയ്ത ചപ്പാത്തിയും മുട്ടക്കറിയും കഴിച്ചതോടെ കുട്ടികളിൽ ചിലർക്ക് ഛർദിയുണ്ടായി. വീടുകളിൽ തിരിച്ചെത്തിയ കൂടുതൽ പേർക്ക് ഛർദിയും വയറിളക്കവുമുണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ മുപ്പതിലധികം കുട്ടികൾ ചികിൽസ തേടി. താമരശേരി താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ഛർദിയും വയറിളക്കവുമായി കുട്ടികൾ എത്തി.

നൊച്ചാട് ഹയർസെക്കൻഡറി സ്‌കൂൾ, ആവള ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ, മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളെയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വി.കെ മുഫ്ലിഹ് (നൊച്ചാട് എച്ച്എസ്എസ്), ബി.കെ.അഭിനവ്, അശ്വിൻ എസ്.കുമാർ, വി.എം.അഭിരാം, വി.നന്ദന, ഹരിനന്ദന (വടക്കുമ്പാട് എച്ച്എസ്എസ്), സാരംഗ് (ആവള കുട്ടോത്ത് ജിഎച്ച്എസ്എസ്), മർഫിദ തച്ചോളി, പവിത്ര, മീനാക്ഷി പുളിയത്തിങ്കൽ മീത്തൽ (മേപ്പയൂർ ജിവിഎച്ച്എസ്എസ്), അനാമിക കോരമംഗലം കുന്ന് (നൊച്ചാട് എച്ച്എസ്എസ്) എന്നിവരാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.