കോഴിക്കോട്: രാമനാട്ടുകരയിൽ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് രണ്ട് ഉത്തർപ്രദേശ് സ്വദേശികൾക്ക് പൊള്ളലേറ്റു. സ്റ്റൗവിൽ ഡീസൽ ഒഴിച്ച് ഉപയോഗിച്ചതായിരുന്നു. കോലാർക്കുന്ന് പിലാക്കാട്ട് പറമ്പ് വാലേരി ഉണ്ണികൃഷ്ണന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വന്ദന (18), ഭർത്താവ് സൂരജ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ ഒന്നരമാസം പ്രായമായ കുട്ടി വീട്ടിലുണ്ടായിരുന്നുവെങ്കിലും പരിക്കില്ല. വന്ദനക്ക് 85 ശതമാനവും സൂരജിന് 15 ശതമാനവും പൊള്ളലേറ്റിറ്റുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോൺക്രീറ്റ് ജോലിക്കു പോവുകയാണ് സൂരജ്. കുട്ടിയെ ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം കെയർ ഹോമിലേക്ക് മാറ്റും. ഫറോക്ക് എസ്.എച്ച്.ഒ. എം.സുജിത്ത്, എസ്.ഐ. എം.സി.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. കൂടുതൽ പരിശോധനകൾക്കായി തിങ്കളാഴ്ച ഫോറൻസിക് വിഭാഗമെത്തും. ഞായറാഴ്ച രാവിലെ 11 മണിക്കാണ് അപകടം.