കോഴിക്കോട്: അടിയന്തരാവസ്ഥ കാലത്തെ തടവുകാരെ രാഷ്ട്രീയമായി അംഗീകരിക്കണമെന്ന് സി.പി.ഐ (എംഎൽ) റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കൻ. കോഴിക്കോട് ഹോട്ടൽ ആര്യ ഭവനിൽ നടന്ന അടിയന്തരാവസ്ഥ കാലത്തെ തടവുകാരുടെ ഏകോപന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 13 സംസ്ഥാനങ്ങൾ അംഗീകരിച്ച നിലപാട് കേരള ഗവൺമെന്റ് കൂടി അംഗീകരിക്കണം. അടിയന്തരാവസ്ഥ കാലത്തെ തടവുകാർക്ക് പെൻഷനും, സൗജന്യ ചികിത്സയും ഏർപ്പെടുത്തണം. സ്വാതന്ത്ര സമരത്തിന് ശേഷം കേരളത്തിലുണ്ടായ ഇരുണ്ട കാലഘട്ടം പുതിയ തലമുറയ്ക്ക് പഠന വിഷയമാക്കണം. അടിയന്തരാവസ്ഥ തടവുകാരുടെ ഓർമ്മയ്ക്കായി സ്മാരകങ്ങൾ പണിയണം. 2006 മുതൽ സമിതി പ്രത്യക്ഷമായി സമരത്തിലുണ്ടായിട്ടും സർക്കാറുകൾ അനുകൂല നിലപാട് സ്വീകരിച്ചില്ല. എന്നാൽ ഈ പ്രാവശ്യം അർഹതപ്പെട്ട അംഗീകാരം നേടിയെടുക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. ഞങ്ങൾ നടത്തുന്നത് യാചക സമരമല്ല മറിച്ച് അടിയന്തരാവസ്ഥ കാലത്ത് ചൂഷണത്തിനെതിരെ പോരാടി ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ ചെറിയ വിഭാഗം എന്ന നിലയിലാണ്.

ജില്ലാ കൺവീനർ ടി.വി വിജയൻ, ജില്ലാ പ്രസിഡന്റ് എൻ ദാമോദരൻ, അപ്പു ബാലുശ്ശേരി, ടി.കെ ഗോപാലൻ, പി കുഞ്ഞിരാമൻ, കെ.കെ അപ്പുക്കുട്ടി, എം. ദിവാകരൻ, ടി. സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.