കോഴിക്കോട്: മഴക്കാല പൂർവശുചീകരണത്തിന് ബോധവത്കരണവുമായി പൊലീസ്.
മൺസൂൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബോധവത്കരണവുമായി പൊലീസ് സോഷ്യൽ മീഡിയ വഴി സജീവമായത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മഴക്കാല പൂർവശുചീകരണത്തിൻറെ പ്രധാന്യം വ്യക്തമാക്കികൊണ്ടുള്ള പൊലീസിൻറെ പോസ്റ്റ് ഇതിനകം മറ്റു സാമൂഹ്യ മാദ്ധ്യമങ്ങളും ഏറ്റെടുത്തു. മഴയെ തുടർന്നുള്ള വെള്ളക്കെട്ടും സാംക്രമിക രോഗങ്ങളും മുന്നിൽകണ്ട് കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി പൊലീസും മുന്നിട്ടിറങ്ങിയത്.

@ പൊലീസിന്റെ നിർദ്ദേശങ്ങൾ

റസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ബോധവൽക്കരണം നടത്തി ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാമെന്നാണ് പോസ്റ്റിൽ പറയുന്നത്. ചന്തകൾ , വ്യാപാര കേന്ദ്രങ്ങൾ , സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ , കല്യാണമണ്ഡപങ്ങൾ, കശാപ്പ് ശാലകൾ , കവലകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവയെ നിർമ്മാർജ്ജനം ചെയ്യാം. പ്ലാസ്റ്റിക്, ചില്ല്, അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും യഥാവിധി സംസ്‌കരിക്കുകയും ചെയ്യുക. അഴുക്ക് ചാലുകളിൽ കുമിഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക.
മലമ്പനി ,മന്ത് ,ഡെങ്കിപ്പനി, ചിക്കൻ ഗുനിയ മുതലായവയാണ് പ്രധാനപ്പെട്ട മഴക്കാല രോഗങ്ങൾ.
മഴക്കാലാരോഗങ്ങൾക്ക് പ്രധാന കാരണം മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും, കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതുമാണ്. ശുചിത്വമില്ലായ്മയും പരിസരമലിനീകരണവും മൂലമാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. കൊതുകുകൾക്ക് അനുകൂലമായ അന്തരീക്ഷം തടഞ്ഞ് അവയുടെ പെറ്റുപെരുകലിനു ഇടയാവാതെ വെള്ളം കെട്ടിനിൽക്കുന്നത് തടഞ്ഞ് പരിസരം വൃത്തിയായി സൂക്ഷിക്കുക.

കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് കൊതുകിൻറെ ഉറവിടം നശിപ്പിക്കുകയാണ് ഏക പോംവഴി.

അലസമായി ഉപേക്ഷിച്ചിരിക്കുന്ന പാത്രങ്ങൾ, ടയറുകൾ , ഉപയോഗശൂന്യമായ ജലയാനങ്ങൾ തുടങ്ങിയവ കൊതുക് വളർത്ത് കേന്ദ്രങ്ങളാകുന്നത് തടയണം. അഴുക്ക് ചാലുകളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളം കൊതുക് മുട്ടയിട്ട് പെരുകുന്നതിന് ഇടയാക്കുന്നു. ടെറസ്സിലെയും ചെടിച്ചട്ടികളിലെയും വെള്ളക്കെട്ടുകൾ ഒഴിവാക്കുക, വീടിനു സമീപത്തെ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി നശിപ്പിക്കുക. കെട്ടി നിൽക്കുന്ന വെള്ളത്തിൽ ഡീസൽ , മണ്ണെണ്ണ എന്നിവ ഒഴിക്കുന്നത് കൊതുകുകളുടെ ലാർവകളെ നശിപ്പിക്കും. വാട്ടർ ടാങ്കുകളും, സെപ്റ്റിക് ടാങ്കുകളുടെ ഓപണിംഗുകളും വല ഉപയോഗിച്ച് മൂടാൻ ശ്രമിക്കണം. കിണറുകളിലും മറ്റു ചെറിയ ജലാശയങ്ങളിലും ഗപ്പി മീനുകളെ നിക്ഷേപിക്കാം.

വായനശാലകൾ,വിദ്യാലയങ്ങൾ , അംഗൻവാടികൾ, നഴ്സറികൾ തുടങ്ങിയവയുടെ പരിസരങ്ങളും ശിചിയാക്കുക. വീടിനും പരിസരത്തുമുള്ള ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും നശിപ്പിച്ച് എലി പെരുകുന്നത് തടയാം. റബ്ബർ തോട്ടങ്ങൾ, മറ്റ് കൃഷിത്തോട്ടങ്ങൾ എന്നിവിടങ്ങളും ശ്രദ്ധിക്കുക. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളും ശുചിത്വ പ്രവർത്തനങ്ങളിൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. തോടുകളിലെയും കനാലുകളിലെയും മാലിന്യങ്ങൾ നീക്കും ചെയ്ത് നീരൊഴുക്ക് സുഗമമാക്കാം. അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിന് പ്രത്യേക പ്രാധ്യാന്യം നൽകുക.

തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.