കോഴിക്കോട്: ഓട്ടോ,ടാക്‌സി സർവീസ് മേഖലയിൽ ഓൺലൈൻ സംവിധാനമൊരുക്കി കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി. മൈൻഡ് മാസ്റ്റർ ടെക്‌നോളജി. ജി.പി.എസ് മുഖേന പ്രവർത്തിക്കുന്ന 'പി.യു' എന്ന ആപ്പ് ഉപയോഗപ്പെടുത്തിയാണ് ഓട്ടോ,ടാക്‌സി മേഖലയിൽ ഓൺലൈൻ സർവീസ് ഒരുക്കുന്നത്. 'പി.യു' ഏകീകൃത പ്ലാറ്റ്‌ഫോമിന്റെ ലോഞ്ചിംഗ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മേയ് 15-ന് നടക്കും.

ഡ്രൈവർമാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജന പ്രദമായ രീതിയിൽ, സർക്കാർ നിശ്ചയിച്ച നിരക്കിലാണ് 'പി.യു' പ്ലാറ്റ്‌ഫോമിന് കീഴിൽ ടാക്‌സികൾ ഇരുപത്തിനാല് മണിക്കൂറും സർവീസ് നടത്തുക. മറ്റ് ഓൺലൈൻ ടാക്‌സി സർവീസുകൾ ചെയ്യുന്നത് പോലെ വലിയ തുക കമ്മിഷൻ വാങ്ങാതെ, വാർഷിക വരിസംഖ്യ മാത്രമാണ് സംരംഭകർ ഈടാക്കുക. അതിനാൽ സർവീസ് നടത്തി കിട്ടുന്ന തുകയുടെ 95.35 ശതമാനം ഡ്രൈവർക്ക് തന്നെ ലഭ്യമാവും. സഞ്ചാരികൾക്ക് ലാഭകരമാക്കൽ, ഡ്രൈവറുടെയും യാത്രികരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനം, ഡ്രൈവർക്ക് മിനിമം സർവീസ് ഉറപ്പുവരുത്തൽ എന്നിവയെല്ലാം പ്രത്യേകതകളാണ്.
ഓൺലൈൻ ടാക്സി സർവ്വീസുകൾ 26 % കമ്മിഷനാണ് ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്നത്. ദിവസം 3000 രൂപ ഓടികിട്ടിയാൽ 780 രൂപ ഓൺലൈൻ ടാക്സി സേവനദാതാവിന് നൽകണം. ഒരു വർഷം 2,34,000 രൂപ കമ്മിഷനായി കമ്പിനിക്ക് നൽകണം. ഇന്ധനച്ചെലവ്, മാസ അടവ്, മെയിന്റനൻസ് ചെലവ്, മറ്റ് നിത്യ ചെലവുകൾ എന്നിവ കിഴിച്ച് വളരെ തുച്ഛമായ സഖ്യയാണ് (21% മാത്രം) ഡ്രൈവർക്ക് ലഭിക്കുന്നത്. പി.യു ആപ്പ് വഴി ഡ്രൈവർമാരിൽ നിന്നും കമ്പനി കമ്മിഷൻ ഈടാക്കുന്നേയില്ല. പകരം സബ്സ്‌ക്രിപ്ഷൻ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വർഷം 19,200 രൂപ വരും. നിലവിലെ സ്ഥിതി താരതമ്യപ്പെടുത്തിയാൽ സബ്സ്‌ക്രിപ്ഷൻ തുക കുറവായതിനാൽ ഡ്രൈവർക്ക് 2,14,800 രൂപ അധികം ഡ്രൈവർക്ക് തന്നെ ലഭിക്കും.

വാർത്താസമ്മേളനത്തിൽ മൈൻഡ് മാസ്റ്റർ ടെക്‌നോളജി സഹ സ്ഥാപകരായ അശോക് ജോർജ് ജേക്കബ്, ജി.പി.രമേഷ്, ശിവദാസൻ നായർ തുടങ്ങിയവർ പങ്കെടുത്തു.