കൽപ്പറ്റ: ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുളള മുൻഗണനാപട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി പട്ടികയിൽ കടന്നുകൂടിയ അനർഹർക്കെതിരെ നടപടി ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. മുൻഗണനാ കാർഡുകളിൽ ഉൾപ്പെടുന്നതിനുളള മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചിലർ അനർഹമായി പട്ടികയിൽ കടന്നുകൂടി റേഷൻ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്‌ട്രേറ്റിൽ നിന്ന് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം അനർഹമായി വാങ്ങിയ റേഷൻ വിഹിതത്തിന്റെ കമ്പോളവില അവശ്യ സാധന നിയമ പ്രകാരം ഈടാക്കും. അനർഹരെകുറിച്ചുളള വിവരങ്ങൾ ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാം. ഇനി പറയുന്ന കാർഡുടമകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാൻ അർഹരല്ല.

1. പ്രതിമാസം 25,000 രൂപ വരുമാനമുളളവർ
2. ഒരു ഏക്കറിൽ കൂടുതൽ സ്ഥലമുളളവർ
3. 1000 സ്‌ക്വയർ ഫീറ്റിനു മുകളിൽ വിസ്തൃതിയുളള വീടുളളവർ.
4. സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ ജീവനക്കാർ/സർവ്വീസ് പെൻഷൻകാർ
5. നാലു ചക്ര വാഹനം സ്വന്തമായുളളവർ (ടാക്‌സി വാഹനമായി ജീവനോപധി കണ്ടെത്തുന്നവർക്ക് ബാധകമല്ല)