koodal
കൂടൽക്കടവ്

മാനന്തവാടി: മാനന്തവാടിയിലെ കൂടൽക്കടവിൽ വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. വയനാട്ടിലെ എക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രങ്ങൾ അവധിക്കാലത്തോടെ അടച്ചു പൂട്ടിയതോടെ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയമേറിയ ഇടമായി മാറുകയാണ് കൂടൽക്കടവ്.

പനമരം പുഴയും മാനന്തവാടി പുഴയും കൂടൽക്കടവിൽ വച്ചാണ് സംഗമിക്കുന്നത്. കൂടൽ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പുൽപ്പള്ളിയെയും മാനന്തവാടിയേയും ബന്ധിപ്പിക്കുന്ന തോണി കടത്ത് കേന്ദ്രമായിരുന്നു. പനമരം പുഴയ്ക്കും മാനന്തവാടി പുഴയ്ക്കും കുറുകേ പാലം വരികയും മാനന്തവാടി പുൽപ്പള്ളി പട്ടണങ്ങൾ തമ്മിൽ വ്യാപാര വാണിജ്യ ബന്ധം വളരുകയും ചെയ്തു. മാനന്തവാടി പനമരം പുഴകളുടെ സംഗമസ്ഥാനത്ത് നിന്ന് 300 മീറ്റർ മാറി തടയണ നിർമ്മിച്ചിട്ടുണ്ട്. അടുത്ത കാലത്താണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചത്. കേട്ടറിഞ്ഞ് നിരവധി പേരാണ് ഇവിടെ എത്തുന്നത്.

ചെക്ക്ഡാമിനോട് ചേർന്നുള്ള കുറുവ ദീപിൽ ഉൾപ്പെട്ട നിബിഡ വനവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. തടയണയ്ക്ക് മുകളിൽ നീന്തി തുടിക്കുന്നതിന് ആവശ്യമായ വെള്ളം ഉണ്ട്. തടയണയ്ക്ക് മുകളിലൂടെ വെള്ളം നനഞ്ഞ് കൊണ്ടുള്ള നടത്തവും ഏറെ ആസ്വാദ്യകരമാണ്.

വെള്ളച്ചാട്ടത്തിനരികിലെത്തിപ്പെട്ട അനുഭവമാണ് സഞ്ചാരികൾക്ക് ഇവിടെ ലഭിക്കുക. സ്ത്രീകളും ചെറിയ കുട്ടികളും ഉൾപ്പെടെ നുറുകണക്കിന് വിനോദ സഞ്ചാരികളാണ് അവധി ദിവസങ്ങളിലും മറ്റും ഇവിടെ എത്തുന്നത്.

എന്നാൽ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇവിട ഇല്ല. സഞ്ചാരികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനോ, വസ്ത്രം മാറുന്നതിനോ സൗകര്യം ഇല്ലാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇവിടേയ്ക്കുള്ള റോഡും തകർന്ന നിലയിലാണ്.

കൽപ്പറ്റ പനമരം കൊയിലേരി വഴിയും പനമരം പുഞ്ചവയൽ ദാസനക്കര വഴിയും മാനന്തതവാടി കുറുവ ദ്വീപ് റോഡിലൂടെ പയ്യംമ്പള്ളി വഴിയും ഇവിടെ എത്തിച്ചേരാൻ കഴിയും.