കോഴിക്കോട്: പേരാമ്പ്ര കക്കാട് പള്ളി മുതൽ എൽ.ഐ.സി ഓഫീസ് വരെയുള്ള ബൈപാസ് റോഡിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടി അടിയന്തരമായി പൂർത്തിയാക്കി ബൈപാസ് റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ജനറൽ മാനേജർക്കും കോഴിക്കോട് ജില്ലാ കളക്ടർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്. പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിനെതിരെ വിയ്യൂർ മണാട്ട് സ്വദേശി സന്തോഷ്‌കുമാർ നൽകിയ പരാതിയിലാണ് നടപടി. കമ്മീഷൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിൽ നിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു. പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സംസ്ഥാനപാത 38 ൽ ബൈപാസ് നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിർമ്മാണത്തിന് റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷന് ചുമതല നൽകിയിട്ടുണ്ട്.

പദ്ധതിക്ക് 58.29 കോടിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തു നൽകുന്നതിന് കോഴിക്കോട് ജില്ലാ കളക്ടർക്ക് 2018 ഫെബ്രുവരി 22 ന് കത്ത് നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന് മുമ്പുള്ള സാമൂഹികപ്രത്യാഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിലുണ്ട്. കക്കാട് മുതൽ എൽ.ഐ.സി ഓഫീസ് വരെയുള്ള 2.79 കിലോമീറ്റർ നീളമുള്ള ബൈപാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അംഗീകാരമായിട്ടുണ്ട്. കിഫ്ബി ഉത്തരവ് പ്രകാരം ഫണ്ട് ലഭ്യമാക്കി ഒരു വർഷം കഴിഞ്ഞിട്ടും റോഡിന്റെ നിർമ്മാണം ആരംഭിക്കാത്തത് കച്ചവട മാഫിയ കാരണമാണെന്ന് പരാതിക്കാരൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള തടസ്സമാണ് നിർമ്മാണം തുടങ്ങുന്നതിന് വിഘാതമായി നിൽക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.