മാനന്തവാടി: വളച്ചൊടിക്കപ്പെടുന്ന ചരിത്ര സത്യങ്ങളാണിന്ന് ചുറ്റുമെന്ന് ഡോ. എം.എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു.യുക്തി നഷ്ടമായി പോവുന്ന വിശ്വാസങ്ങളും, നീതിബോധമില്ലാത്ത നിലപാടുകളുമാണ് വർത്തമാനകാലത്ത് കാണുന്നത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമനസരിച്ച് രാസമാറ്റം വരുത്തുന്ന നിലപാടുകളാണ് ഏവരുടേതും. അപ്രിയ സത്യങ്ങൾ പറയുവാനും, കേൾക്കുവാനും താൽപര്യമില്ലാത്തവനായി മലയാളി മാറി. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെ നൂറ് വായനാ വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സദസ്സിൽ 'നിലപാടുകളുടെ പ്രശ്‌നങ്ങൾ" എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനന്തവാടി മുൻസിപ്പൽ ചെയർമാൻ വി.ആർ പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. ഒ.ആർ കേളു എം.എൽ എ നൂറ് വായനാ വർഷങ്ങളുടെ പൂർത്തീകരണം ഉദ്ഘാടനം ചെയ്തു.സബ്ബ് കളക്ടർ എൻ.എസ്.കെ.ഉമേഷ് വിശിഷ്ടാതിഥിയായി. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡു നേടിയ മംഗലശ്ശേരി മാധവനെ ആദരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ഷാജൻ ജോസ് സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അസീസ്, ഗ്രന്ഥാലയം സെക്രട്ടറി വി.കെ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വിജയ് സൂർസെനും സംഘവും ഗസൽ സന്ധ്യ അവതരിപ്പിച്ചു.