വടകര: ചോമ്പാല്‍ മത്സ്യ ബന്ധന തുറമുഖത്ത് സിവില്‍ സപ്ലൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി രേഖകളില്ലാതെ സൂക്ഷിച്ച 400 ലിറ്റര്‍ റേഷന്‍ മണ്ണെണ്ണ പിടികൂടി. തുറമുഖത്തിനടുത്തുള്ള നമ്പറില്ലാത്ത കെട്ടിടത്തിന്റെ മുന്‍ വശത്താണ് ബ്ലൂ ഡൈ ചേര്‍ത്ത റേഷന്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്. മണ്ണെണ്ണ സൂക്ഷിച്ചയാളെ കണ്ടെത്താനായില്ല. താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.എസ് വിമല്‍ പ്രസാദിന്റെ നേതൃത്വത്തില്‍ മണ്ണെണ്ണ കസ്റ്റഡിയിലെടുത്തു. മത്സ്യ ബന്ധനത്തിന് നല്‍കുന്ന മണ്ണെണ്ണകള്‍ പൊതു മാര്‍ക്കറ്റില്‍ വില്‍പ്പന നടക്കുന്നുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പരിശോധന ശക്തമാക്കിയത് ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ടി.എസ്.ഒ പറഞ്ഞു. പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി.രമേശന്‍, കെ.ബീന, ടി.വി.നിജിന്‍, കെ.രാകേഷ്, എ.സുരേഷ് എന്നിവരായിരുന്നു ഉള്ളത്.