വടകര: കരിമ്പനത്തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായി സ്‌ളാബുകള്‍ നീക്കം ചെയ്ത അഴുക്കുചാലുകള്‍ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഓവുചാലുകള്‍ നഗരസഭ തുറന്നത്. എന്നാല്‍ തുടര്‍ പ്രവൃത്തി നടത്തി ഓവുചാലുകള്‍ മൂടാതായതോടെ നഗരം മുഴുവന്‍ കൊതുവളര്‍ത്തുകേന്ദ്രമായി മാറുകയാണ്. പുതിയ സ്റ്റാന്റിനു സമീപം ഹോട്ടല്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ പിറകിലെ അഴുക്കുചാല്‍ ദേശീയപാതയും കഴിഞ്ഞ് നാരായണ നഗറിലേക്ക് പോകുന്നതാണ്. ഇവിടെയെല്ലാം സ്ലാബുകള്‍ മൂടാത്തതിനാല്‍ കച്ചവടക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അഴുക്കുജലം കെട്ടിക്കിടന്ന് രൂക്ഷഗന്ധവും കൊതുകുകള്‍ പെറ്റുപെരുകുന്നതും അധികാരകികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പനത്തോട്ടിലേക്ക് ഒട്ടേറെ സ്ഥാപനങ്ങള്‍ മലിനജലം ഒഴുക്കിവിടുന്ന ഭാഗത്താണ് സ്ലാബുകള്‍ നീക്കംചെയ്തത്. മലിനജലം ചാലിലേക്ക് ഒഴുക്കിയ സ്ഥാപനങ്ങളെ കണ്ടെത്താനാണ് ഇത് ചെയ്തത്. ചില സ്‌ളാബുകള്‍ നീക്കം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഇത്തരത്തില്‍ മലിനജലം ഒഴുക്കുന്ന പൈപ്പുകള്‍ കണ്ടത്. നഗരസഭ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടങ്ങിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. പിന്നീട് ഈ ഭാഗത്തെ കുറേ സ്‌ളാബുകള്‍ നീക്കി പരിശോധന നടത്തി. ഇതിനുശേഷം ഇവിടെ കെട്ടിക്കിടക്കുന്ന ചെളിയും മറ്റ് മാലിന്യങ്ങളും നീക്കിയിരുന്നു. ചാല്‍ വീണ്ടും സ്‌ളാബിട്ട് മൂടുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. നേരത്തേ നടപ്പാതയായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. അതിനും മുമ്പ് ബൈപ്പാസില്‍ നിന്ന് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ പുതിയ സ്റ്റാന്റിലേക്ക് പ്രവേശിച്ചിരുന്നതും ഇതുവഴിയാണ്. പിന്നീട് ചില സ്‌ളാബുകള്‍ പൊട്ടിയപ്പോഴാണ് വാഹനങ്ങളുടെ യാത്ര നിലച്ചത്. പഴയ സ്‌ളാബുകള്‍ പൊട്ടിയതിനാല്‍ പുതിയത് ഇടുമെന്ന് നഗരസഭ പറഞ്ഞെങ്കിലും ഇതുവരെ നടന്നില്ല. വടകര ചോളം വയൽപ്രദേശത്തുകാരും അഴുക്കുചാൽ ദുർഗന്ധത്താൽ പൊറുതിമുട്ടുകയാണ്. നഗരത്തിലും നഗരപരിസരവും മലിനീകരണത്താൽ മുങ്ങി കൊതുകുശല്യം വർദ്ധിക്കുമ്പോഴും നഗരസഭക്കും ആരോഗ്യ പ്രവർത്തകർക്കും കുലുക്കമില്ലെന്ന ആക്ഷേപം ഉയരുകയാണ്. മഴക്കാല പൂര്‍വ ശുചീകരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് നഗരസഭ പറയുമ്പോഴും നഗരത്തിന്റെ ഹൃദയഭാഗത്തടക്കം പരിസരങ്ങളിലും പകൽ സമയത്ത് പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.