കോഴിക്കോട്: ബീച്ചിലേക്കെത്തുന്ന കസ്റ്റംസ് റോഡ്, പി.ടി.ഉഷ റോഡ് എന്നീ വഴികളിൽ വാഹനത്തിലും കാൽനടയായും പോകുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. റോഡിൽ ഭീകരമായ കുഴിയുടെ രൂപത്തിൽ പതിയിരിക്കുന്നത് വലിയ അപകടമാണ്. മാസങ്ങളായി ഈ കുഴി ഇവിടെ ഇങ്ങനെ തന്നെയുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് പലരും അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്. സിറ്റിയിൽ നിന്ന് നിരവധി വാഹനങ്ങളാണ് ദിവസവും ഇതിലൂടെ പോകുന്നത്.
രാത്രിയായാൽ പിന്നെ പറയേണ്ട. റോഡിലെ തിരക്കും വെളിച്ചമില്ലായ്മയും കാരണം കുഴിയിൽ ചാടാതെ വാഹനങ്ങൾക്ക് ഇത് വഴി പോകാൻ കഴിയില്ല. പലരും കുഴി കണ്ട് വാഹനം വെട്ടിച്ച് മാറ്റുമ്പോൾ പിന്നിൽ നിന്നുവരുന്ന വാഹനങ്ങൾ ഇടിക്കാൻ പോകുന്നതും സ്ഥിരം കാഴ്ച്ചയാണ്. ഇരുചക്ര വാഹനക്കാരാണ് കുഴിയിൽ ചാടിപോകുന്നവരിൽ അധികവും. നഗരത്തിന്റ ഹൃദയ ഭാഗത്തുള്ള പ്രധാനപ്പെട്ട റോഡായിട്ട് പോലും ഇതൊന്നും കണ്ട ഭാവത്തിലല്ല അധികാരികൾ. ദിവസേന വാഹനാപകടങ്ങൾ വർദ്ധിച്ചു വരുമ്പോഴും ഇത്തരത്തിലുള്ള ഗുരുതര വീഴ്ച്ചകൾക്ക് മുന്നിൽ കണ്ണടയ്ക്കുകയാണ് ഇവർ.
കോടികൾ ചിലവിട്ട് റോഡുകൾ മോഡി പിടിപ്പിക്കുന്നതിനിടയിൽ ആയിരങ്ങൾ മതി ഈ കുഴി ഒന്ന് അടക്കാൻ. ഒരു ജീവൻ പൊലിയുന്നത് വരെ കാത്തിരിക്കാതെ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണം.
സുധർമ്മൻ ചീളിൽ
ഓട്ടോ ഡ്രൈവർ