കോഴിക്കോട് : കാണാൻ നല്ല ചേലാണെങ്കിലും കോഴിക്കോട് മാവൂർ റോഡിലെ കെ. എസ്. ആർ. ടി. സി. ടെർമിനലിൻെറ അകത്തെ സ്ഥിതി വളരെ മോശമാണ്. ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ല. ഒരുപാട് ചർച്ചകളും സമരങ്ങളും നടന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല.പ്രശ്നപരിഹാരത്തിനായി കോഴിക്കോട് ജില്ലയിലെ റെസിഡൻ്‌റസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ റെസിഡൻസ് അപ്പെക്‌സ് കൗൺസിൽ ടെർമിനലിലെ അപര്യാപ്തതകൾക്കെതിരെ ഒപ്പ് ശേഖരണം തുടങ്ങി.

ഇന്നലെ പതിനായിരത്തിലധികം ആളുകൾ ഒപ്പ് ശേഖരണത്തിൽ പങ്കാളികളായി. ടെർമിനൽ രാത്രികാലങ്ങളിൽ ഇരുട്ടിലാവുന്നത് സാമൂഹ്യദ്രോഹികൾ മുതലെടുക്കുന്നു. കാന്റീൻ സൗകര്യമില്ലാത്തതു യാത്രക്കാർക്കും ജീവനക്കാർക്കും ഒരേ പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ടെർമിനലിൽ ബസ് പാർക്കിംഗ് പരിമിതമാകയാൽ പാവങ്ങാട്ടാണ് പാർക്കിംഗ് നടത്തുന്നത്. ഇത് കെ. എസ്. ആർ. ടി. സി.ക്ക് വൻ സാമ്പത്തിക നാശനഷ്ടം ഉണ്ടാക്കുന്നു. അതിനാൽ പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്തണം. ടെർമിനലിൽ നിന്നും കൂടുതൽ അന്തർസംസ്ഥാന അത്യാധുനിക ബസ്സുകൾ സർവ്വീസ് നടത്തുന്നതിനോടൊപ്പം ആഭ്യന്തര സർവ്വീസുകൾക്കും ആവശ്യമായ സാഹചര്യം ഒരുക്കണം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്.

120 ബസ്സുകൾക്ക് സൗകര്യം ഒരുക്കേണ്ട ഇവിടെ കഷ്ടിച്ച് 40 ബസ്സുകൾ നിർത്താനുള്ള സ്ഥലമേ ഉള്ളു. ബസ്സുകൾ കയറുകകയും ഇറങ്ങുകയും ചെയ്യുമ്പോൾ മറ്റു ബസ്സുകൾക്ക് പോവാൻ കഴിയാതെ ബ്ലോക്ക് ഉണ്ടാവുന്നു. നല്ലൊരു ശുചി മുറി പോലും ഇവിടെ ഇല്ല. കൂടാതെ ഇവിടുത്തെ മാലിന്യങ്ങൾ പാർക്കിങ് സ്ഥലങ്ങളിൽ നിറയുന്നതും നിത്യ സംഭവമാണ്. മഴ പെയ്താൽ ഒരു തുള്ളി വെള്ളം പോലും ടെർമിനലിൽ നിന്ന് പുറത്തേക് പോവില്ല എല്ലാം കെട്ടിക്കിടന്ന് മാലിന്യടാങ്കുകളായി മാറുന്നു. പല തവണ ചർച്ചകൾ നടത്തിയെങ്കിലും ഒന്നിനും പരിഹാരം ഉണ്ടാക്കാൻ സാധിക്കുന്നില്ല. ദീർഘദൂരം ബസ് ഓടിച്ചു വരുന്ന ജീവനക്കാർക്ക് വിശ്രമിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥക്ക് മാറ്റം വേണം. ടെർമിനലിൽ രാവിലെ 11 മണിക്ക് നടന്ന ഒപ്പ്‌ശേഖരണ പരിപാടി ഡോ. എം. പി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. എ. കെ ജയകുമാർ, കെ. എം കാദർ , പി. കെ. ശശിന്ദ്രൻ , എ. രാജൻ, കെ. പി. , സത്യനാഥൻ എന്നിവർ പങ്കെടുത്തു. ഒപ്പ്‌ശേഖരണം ഇന്നും നാളെയും തുടരും.