കോഴിക്കോട് :പഴയകാല ചലച്ചിത്രഗാന മത്സരത്തിൽ പാടാൻ എത്തിയവരിൽ ഏറെയും പ്രായം ചെന്നവർ. എസ്. ടി ഫിലിംസിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന മത്സരത്തിലാണ് പ്രായാധിക്യമുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. ചലച്ചിത്രം, ചാനൽ, ആൽബം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പിന്നണി ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചതെന്ന് എസ്.ടി ഫിലംസ് അറിയിച്ചു.
മത്സരത്തിന് പ്രായപരിധി ഇല്ലായിരുന്നു. ഇത് കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളും,മാതാപിതാക്കളും പ്രായമായവരുമെല്ലാം മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കുട്ടികളും മുതിർന്നവരുമെല്ലാം ഒരേ വിഭാഗത്തിലാണ് മത്സരിച്ചത്. .50 മുതൽ 70 വരെ പ്രായമുള്ളവരായിരുന്നു കൂടുതൽ. ജോൺസൻ മാഷിന്റെയും വിദ്യാസാഗറിന്റെയും ദക്ഷിണ മൂർത്തിയുടെയും രവീന്ദ്രൻ മാഷിന്റെയും ഗാനങ്ങൾക്ക് വീണ്ടും ഒഴുകിയെത്തിയപ്പോൾ കേൾക്കാൻ എത്തിയവർ എല്ലാം മറന്ന് ലയിച്ചിരുന്നു.
മത്സര വേദിയിൽ കഴിഞ്ഞ വർഷ വിജയികളെ അനുമോദിച്ചു.
പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകൻ നവോദയ ബാലകൃഷ്ണൻ, ഗാന രചയിതാവ് സുജിത് കല്ലോട്, ഗായിക ബിന്ദു ടീച്ചർ എന്നിവരായിരുന്നു വിധി കർത്താക്കൾ.
മത്സര വിജയികൾക്ക് എസ്. ടി ഫിലിംസിന്റെ 'വേഷപകർചകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.