കോഴിക്കോട്: വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന കടലുണ്ടി കമ്യൂണിറ്റി റിസർവ്വ് പരിധിയിലെ നൂറോളം വനിതകൾക്ക് വിത്തു പേന നിർമാണ പരിശീലനം നൽകി.

വിത്തു പേന എഴുതി തീർത്ത ശേഷം വലിച്ചെറിയുമ്പോൾ കടലാസുകൾ മണ്ണിൽ അലിയുകയും വിത്ത് മുളച്ച് തൈ ആവുകയും ചെയ്യും. പരിശീലനത്തിന്റെ ഭാഗമായി നിർമ്മിച്ച 125 പേനകൾ പരിശീലനത്തിനു വേദിയായ കോട്ടപ്പടി കൈരളി സ്‌കൂളിലെ കുട്ടികൾക്ക് സമ്മാനമായി നൽകാൻ പ്രധാനഅദ്ധ്യാപികയ്ക്ക് കൈമാറി. വെറും ഒരു പേന എന്നതിലുപരി 100 ഓളം പുതു വൃക്ഷങ്ങൾക്ക് ജീവൻ നൽകുന്ന ദൗത്യമെന്ന നിലയിൽ പദ്ധതി തുടർന്നു കൊണ്ടു പോകാനുള്ള പൂർണ്ണ പിന്തുണയും സഹായവും കടലുണ്ടി കമ്യൂണിറ്റി റിസർവ്വ് ഉറപ്പ് നൽകിയിട്ടുണ്ട്.
വിത്തു പേന നിർമാണ പരിശീലനം കൂടാതെ പേപ്പർ ബാഗ്, ക്ലോത്ത് ബാഗ് നിർമ്മാണ പരിശീലനവും ഉത്തരവാദിത്ത ടൂറിസം മിഷന്റെ ജലായനം പദ്ധതിയുടെ വനിതാ വിഭാഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷൻ കോഴിക്കോട് ജില്ല കോർഡിനേറ്റർ ശ്രീകല ലക്ഷമി ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. മിഷനിൽ രജിസ്റ്റർ ചെയ്ത യൂണിറ്റായ ധരണി ക്രാഫ്റ്റ് ഗലേറിയയിലെ അംഗങ്ങളായ അളക, അജ്ജുഷ, ഷൗഫിറ, എന്നിവരാണ് പരിശീലകർ. കൂടാതെ സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ സാമൂഹിക പ്രവർത്തന വിഭാഗം ബ്ലോക്ക് പ്ലേസ്മെന്റ് വിദ്യാർത്ഥിനികളായ അഭിഷാ ചന്ദ്രൻ ടി.കെ, ആദിത്യ വി.പി ,അമൃത കെ, ലക്ഷമി എസ് കുമാർ ,ഉത്തരവാദിത്ത ടൂറിസം മിഷനിലെ റിസോഴ്സ് പേഴ്സൺ ആയ അഖിൽ കെ.കെ എന്നിവരുടെയും പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി പൂർത്തീകരിച്ചു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതോടൊപ്പം സത്രീകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്ന് വരുമാനമാർഗം ഉറപ്പാക്കുകയാണ്പരിശീലന പരിപാടി ലക്ഷ്യം വയ്ക്കുന്നത്.