9093 പേർ പരീക്ഷ എഴുതിയതിൽ 7801 വിദ്യാർഥികൾ വിജയിച്ചു
347 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്
കൽപ്പറ്റ:പ്ലസ്ടു പരീക്ഷയിൽ ജില്ലയിൽ 85.79 ശതമാനം വിജയം. വിജയശതമാനം സംസ്ഥാന ശരാശരിയേക്കാൾ മുകളിലായി സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് ജില്ല. 9093 പേർ പരീക്ഷ എഴുതിയതിൽ 7801 വിദ്യാർഥികൾ വിജയിച്ചു. 347 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് വയനാട്ടിലാണ്. 60 ഹയർസെക്കൻഡറി വിദ്യാലയങ്ങളിലായി 9141 വിദ്യാർഥികൾ രജിസ്റ്റർ ചെയ്‌തെങ്കിലും പരീക്ഷ എഴുതിയത് 9093 വിദ്യാർഥികളാണ്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ ഇത്തവണ നേരിയ കുറവുണ്ടായി. കഴിഞ്ഞ തവണ 86.18 ശതമാനാമായിരുന്നു വിജയം.
ഓപ്പൺ സ്‌കൂൾ വിഭാഗത്തിലും വിജയത്തിൽ കഴിഞ്ഞതവണത്തേക്കാൾ ഭേദപ്പെട്ട വർധന ഇത്തവണയുണ്ടായി. 41.91 ശതമാനമാണ് വിജയം. കൂടുതൽ പേരെ പരീക്ഷ എഴുതിച്ച് വിജയശതമാനത്തിൽ മുന്നിലെത്തിയത് ഡബ്ലുഒഎച്ച്എസ്എസ് പിണങ്ങോട് സ്‌കൂളാണ്. ഇവിടെ 309 പേർ പരീക്ഷ എഴുതിയതിൽ 293 പേർ വിജയിച്ചു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ 290 പേർ പരീക്ഷ എഴുതിയതിൽ 278 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷ എഴുതിച്ച വെള്ളമുണ്ട ഗവ. എച്ച്എസ് എസിൽ 79 ശതമാനമാണ് വിജയം.
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പരീക്ഷയിൽ ജില്ലയിൽ 84 ശതമാനം വിജയം. വയനാട്ടിൽ ആകെയുള്ള പത്ത് സ്‌കൂളുകളിൽ ഒരു സ്‌കൂളിന് മാത്രമാണ് 100 മേനി വിജയം നേടാനായത്. ജില്ലയിലെ വി.എച്ച്.എസ്.ഇ സ്‌കൂളുകളുടെ വിജയ ശതമാനം: മാനന്തവാടി ഗവ. വി എച്ച് എസ് എസ്: 100 ശതമാനം, അമ്പലവയൽ ഗവ. വി എച്ച് എസ് എസ്: 91.8, വേലിയമ്പം ദേവി വിലാസം: 89.8, വെള്ളാർമല ഗവ. വി എച്ച് എസ് എസ്: 89.4, കരിംകുറ്റി ഗവ. വി എച്ച് എസ് എസ്: 82.6, വാകേരി ഗവ. വി എച്ച് എസ് എസ്: 81.6, സുൽത്താൻ ബത്തേരി സർവജന ഗവ. വി എച്ച് എസ് എസ് : 80, മുട്ടിൽ ഓർഫനേജ്: 78.4, സുൽത്താൻ ബത്തേരി ഗവ. ടി.എച്ച്.എസ് ആന്റ് വി എച്ച് എസ് എസ്: 75.4, മുണ്ടേരി കൽപ്പറ്റ ഗവ. വി എച്ച് എസ് എസ്: 71.7.
100 ശതമാനം വിജയം നേടിയത് 2 സ്‌കൂളുകൾ
കൽപറ്റ ന്മ അമ്പുകുത്തി എംജിഎം ഹയർസെക്കൻഡറി സ്‌കൂൾ, പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് ഹയർസെക്കൻഡറി സ്‌കൂൾ എന്നീ സ്‌കൂളുകൾക്കു മാത്രമാണ് 100 ശതമാനം വിജയം നേടാനായത്. കഴിഞ്ഞതവണയും എംജിഎം ഹയർസെക്കൻഡറി സ്‌കൂൾ 100 ശതമാനം വിജയം നേടിയിരുന്നു..