വടകര: നഗരസഭയുടെ വടക്കുപടിഞ്ഞാറ് തീരപ്രദേശത്തെ ആവിത്തോട് നവീകരിക്കാൻ ജനകീയ ഇടപെടൽ തുടങ്ങി. ആവിക്കൽ സമന്വയ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വിപുലമായ യോഗം ചേർന്ന് പദ്ധതികൾക്കു രൂപം നൽകി. ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള ആവിത്തോട് മാലിന്യ സംഭരണ കേന്ദ്രമായത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിച്ചിരിക്കുകയാണ്. ധാരാളം മത്സ്യം ലഭിച്ചിരുന്ന ഈ ജലാശയത്തിന്റെ നല്ലൊരു ഭാഗവും നികന്നതോടെ മഴക്കാലത്ത് പെട്ടെന്നു കരകവിയുകയും ഇരുകരകളിലെയും വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാവുകയും പതിവാണ്. ചോറോട് പഞ്ചായത്തിലെയും വടകര നഗരസഭയുടെ വടക്കൻ പ്രദേശത്തേയും മഴവെള്ളം ആവിത്തോടിലാണ് ഒഴുകി എത്തുന്നത്. കടലിനു സമാന്തരമായി ആവിക്കൽ, മുകച്ചേരി ഭാഗം വരെയുള്ള തോട് സ്വാഭാവികമായി കടലിലേക്ക് ചേരുന്നില്ല. മഴ കനത്ത് വെള്ളം ഉയർന്നാൽ നാട്ടുകാർ സംഘടിതമായോ നഗരസഭയുടെ നേതൃത്വത്തിലോ ചാലു കീറി വെള്ളം കടലിലേക്ക് ഒഴുക്കി വിടുകയാണ് രീതി. കെട്ടി നിൽക്കുന്ന വെള്ളത്തിൽ ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നതാണ് തലവേദനയായിരിക്കുന്നത്. ഇത് പകർച്ച വ്യാധിക്കും കിണർവെള്ളം മലിനമാവുന്നതിനും കാരണമാവുന്നു. മാലിന്യം കൂടുന്തോറും പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാവുകയാണ്. സമീപ വാസികൾ മാത്രമല്ല ദൂരെദിക്കുകളിൽ നിന്നും തോട്ടിലേക്ക് മാലിന്യം തള്ളുന്ന സ്ഥിതിയാണ്. മുമ്പ് കാലത്ത് ആളുകൾ നീന്തികുളിക്കുകയും മീൻപിടിക്കുകയും ചെയ്തിരുന്ന തോടാണ് ഈ രൂപത്തിൽ മലിനപ്പെട്ടിരിക്കുന്നത്. ഇത് മാറ്റിയെടുത്ത് പഴയ ജലാശയത്തെ വീണ്ടെടുക്കാനാണ് ശ്രമം. ഇതിനായി സമന്വയയുടെ നേതൃത്വത്തിൽ നടന്ന ബഹുജന കൺവൻഷൻ മുനിസിപ്പിൽ ചെയർമാൻ കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ ജാഗ്രതയും ഇടപെടലും ഇത്തരം തോടുകളുടെ സംരക്ഷണത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ നഗരസഭയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. ആവിക്കൽ സ്‌കൂൾഗ്രൗണ്ടിൽ നടന്ന കൺവെൻഷനിൽ ഒന്നാം വാർഡ് കൗൺസിലർ പി.പി.വ്യാസൻ അധ്യക്ഷനായി. നാൽപത്തിയേഴാം വാർഡ് കൗൺസിലർ മുഹമ്മദ് റാഫി, മണലിൽ മോഹനൻ, പി.അശോകൻ, വി.കെ.ശൈലേഷ്, സി.എച്ച്.കൃഷ്ണദാസ്, ജിഷ, ടി.കെ.പ്രഭാകരൻ, രാജേഷ് കിണറ്റിൻകര, വളപ്പിൽ ഗിരീഷ് സംസാരിച്ചു. തുടർ പ്രവർത്തനത്തിന് നഗരസഭ ചെയർമാൻ ശ്രീധരൻ ചെയർമാനും വളപ്പിൽ ഗിരീഷ് കൺവീനറുമായി 101 അംഗ കമ്മിറ്റിക്കു രൂപം നൽകി. അഞ്ച് ഭാഗങ്ങളായി തിരിച്ച് തോട് ശുചീകരിക്കാനാണ് തീരുമാനം. 12, 19 തിയതികളിൽ രാവിലെ വളണ്ടിയർമാർ ശുചീകരണത്തിന് രംഗത്തിറങ്ങും.