കോഴിക്കോട്: ഇന്ത്യയിലും ശ്രീലങ്കയിലുമായി തടവിൽ കഴിഞ്ഞ അന്താരാഷ്ട്ര കുറ്റവാളിയെ പൊലീസ് അഞ്ചേകാൽ കിലോഗ്രാം കഞ്ചാവ് സഹിതം പിടികൂടി. കല്ലായി സ്വദേശി നജീബ് (64) ആണ് ചേവായൂർ പൊലീസിൻറെ പിടിയിലായത്.

ചേവായൂർ ഇൻസ്പക്ടർ ടി.വി. പ്രതീഷിന്റെ നേതൃത്വത്തിൽ എസ്‌.ഐ അബ്ദുൽ നാസറും നോർത്ത് അസി. കമ്മീഷണർ എ.വി. പ്രദീപിന്റെ കീഴിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.

മാന്യമായി വേഷം ധരിച്ച് കോഴിക്കോട് സിറ്റിയിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് എത്തിച്ചുകൊണ്ടിരുന്ന ഇയാളെ പോലീസ് വളരെ തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു. നഗരത്തിൽ മയക്കുമരുന്നിനെതിരായ നടപടി വളരെ കർശനമാക്കിയതിൻറെ ഭാഗമായി സമാനമായ കേസുകളിൽപ്പെട്ട ആളുകളെ നിരീക്ഷിക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് സ്‌പെഷ്യൽ സ്‌ക്വാഡ് രണ്ടു മാസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

കോഴിക്കോട്- മുണ്ടിക്കൽ താഴം പുതിയ ബൈപ്പാസ് റോഡിൽ ഇരിഞ്ഞാടൻ പള്ളിക്ക് സമീപം മനന്താനത്ത് താഴത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്.

തമിഴ്‌നാട്, കർണ്ണാടക ഭാഗങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിക്കാറുള്ളതെന്ന് പൊലീസിനോട് സമ്മതിച്ചു. ഇയാൾ തന്നെ നേരിട്ട് തമിഴ്‌നാട്ടിലും മറ്റും പോയി കഞ്ചാവ് കൊണ്ടുവരാറാണ് പതിവ്. ഓരോ പ്രാവശ്യവും 10 കിലോയിലധികം കഞ്ചാവ് ബസിലും ട്രൈയിനിലുമായാണ് കേരളത്തിലെത്തിക്കുന്നത്.

കോഴിക്കോട് എത്തിച്ച ശേഷം വിവിധ തൂക്കത്തിലുള്ള പായ്ക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്.

കിലോക്ക് 25000 രൂപ വരെ ഇയാൾ ചെറുകിട കച്ചവടക്കാരിൽ നിന്നും ഈടാക്കാറുണ്ട്. മുമ്പ് ശ്രീലങ്കയിൽ മയക്കുമരുന്നായ കറുപ്പ് പിടികൂടിയ കേസിൽ കുടുങ്ങിയിട്ടുണ്ട്. 2007-ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു.

2015ൽ തോൽപ്പെട്ടിയിൽ വയനാട് എക്‌സൈസ് ഇയാളുടെ പക്കൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ശ്രീലങ്കയിലും ഇന്ത്യയിലുമായി നിരവധി കൊല്ലം ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് എസ്എഐ ഒ. മോഹൻദാസ്, എഎസ്എൽ മുനീർ, എം. മുഹമ്മത് ഷാഫി, എം. സജി, കെ. അഖിലേഷ്. എം. ഷാലു, പ്രപിൻ കെ. ജിനീഷ് ചൂലൂർ, രാജൻ, സുജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.