കോഴിക്കോട്: അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ അച്ഛനെ ഉണർത്താൻ ഉറക്കെ വായിച്ച് പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആര്യയുടെ നിശ്ചയദാർഢ്യത്തിന്റെ നോവുള്ള വാർത്ത സർക്കാർ കേട്ടു. ആര്യയെ അഭിനന്ദിക്കാനും സർക്കാരിന്റെ സഹായ വാഗ്ദാനം നേരിട്ടറിയിക്കാനും ഇന്നലെ മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും മലാപ്പറമ്പിലുള്ള അവളുടെ വാടക വീട്ടിലെത്തി. ആര്യയുടെ അച്ഛൻ രാജന്റെ ചികിത്സയ്ക്കും ആര്യയുടെ പഠനത്തിനും സഹായിക്കാമെന്നും പുതിയ വീട് വച്ചുനൽകാമെന്നും മന്ത്രിമാർ ഉറപ്പ് നൽകി. കേരളകൗമുദിയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സ്വാന്തനവുമായി മന്ത്രിമാരുടെ സന്ദർശനം.
രാജനെ കണ്ട ഇരുവരും ആര്യയുടെ അമ്മ സബിതയിൽ നിന്ന് ചികിത്സാവിവരങ്ങൾ ചോദിച്ചറിഞ്ഞു. നിങ്ങൾക്കിനി വേണ്ടത് ഒരു വീടാണ്, എന്തിനാ വിഷമിക്കുന്നേ, നമുക്ക് ശരിയാക്കികളയാടോ, സർക്കാർ ഒപ്പമുണ്ട്. ഇപ്പോൾ ഇലക്‌ഷൻ പ്രോട്ടോക്കാൾ ഉള്ളതിനാൽ പ്രഖ്യാപനങ്ങൾ ഒന്നും നടത്തുന്നില്ല. ഒന്നും പേടിക്കേണ്ട- ആര്യയ്ക്കും സബിതയ്ക്കും മന്ത്രി രാമകൃഷ്ണൻ ഉറപ്പ് നൽകി.
ഇന്നലെ രാവിലെ 8.30ഓടെയാണ് മന്ത്രിമാർ ആര്യയുടെ വീട്ടിൽ എത്തിയത്. മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ആറംഗ മെഡിക്കൽ സംഘം ഉച്ചയ്ക്ക് മൂന്നു മണിയോടെ ആര്യയുടെ വീട്ടിലെത്തി രാജന്റെ രോഗവിവരങ്ങൾ ആരാഞ്ഞു.
നിലവിൽ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ തുടരാൻ നിർദ്ദേശിച്ചു. ഇടയ്ക്ക് അപസ്മാരം വരുന്നതിനാൽ അതിന് കഴിക്കുന്ന മരുന്നിന്റെ അളവ് കൂട്ടിയിട്ടുണ്ട്. കൈകാലുകളുടെ ചലനശേഷി തിരിച്ചു കിട്ടാനായി ഫിസിയോ തെറാപ്പിയും നിർദ്ദേശിച്ചു. അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തണമെന്നും അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ രാജേന്ദ്രൻ, സൂപ്രണ്ട് ഡോ.കെ.ജി സജിത് കുമാർ, ഓർത്തോ എച്ച്.ഒ.ഡി ഡോ. മനോജ് കുമാർ, ന്യൂറോ സർജറി എച്ച്.ഒ.ഡി ഡോ. എം.പി രാജീവ്, ഡോ. എം മോഹൻ രാജ്, ഡോ. എം രാധാകൃഷ്ണൻ എന്നിവരാണ് മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നത്. ആവശ്യമായ എല്ലാ ചികിത്സാ സഹായവും നൽകുമെന്ന് സൂപ്രണ്ട് ഡോ. സജിത് കുമാർ പറഞ്ഞു. രാജന്റെ തലയ്ക്ക് മാരകമായ പരിക്കാണുള്ളതെന്നും ഭേദപ്പെടാൻ സമയമെടുക്കുമെന്നും ഡോ. വി. ആർ രാജേന്ദ്രൻ പറഞ്ഞു.