കോഴിക്കോട്: ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന കള്ളവോട്ടിനെതിരെ കോഴിക്കോടിന്റെ പൈതൃകത്തെരുവിലൂടെ ഒറ്റയാൾ പോരാട്ടവുമായി ബാലകൃഷ്ണൻ. ലോക്സഭാ ഇലക്ഷനിൽ നടന്ന കളളവോട്ടിനോടുള്ള പ്രതിഷേധമാണ് മിഠായിത്തെരുവിലൂടെ ഒരു മണിക്കൂർ നടന്ന് എൻ ബാലകൃഷ്ണൻ കണ്ണഞ്ചേരി പുറം ലോകത്തോട് പറഞ്ഞത്. ചില വ്യക്തികൾ കള്ളവോട്ട് ചെയ്തു എന്നത് തെളിഞ്ഞ കാര്യമാണ്. ഇത്തരം ചില വ്യക്തികൾ കൂടുമ്പോൾ ജനാധിപത്യം തകരുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇന്നലെ രാവിലെ 10.30 മുതൽ 11.30 വരെ മിഠായിത്തെരുവിലൂടെ നടന്നാണ് ബാലകൃഷ്ണൻ തനിക്ക് പറയാനുള്ളത് സമൂഹത്തോട് പറഞ്ഞത്. തിരഞ്ഞെടുപ്പിൽ വിശ്വസിക്കുന്നു, ജനാധിപത്യം നിലനിൽക്കാൻ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. അതിൽ മറ്റൊരാളുടെ അഭിപ്രായമല്ല സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ കഴിയണം. അതിനെ മാറ്റാൻ മറ്റൊരാൾ ശ്രമിക്കുകയാണെങ്കിൽ അത് അനുവദിച്ച് കൊടുക്കാൻ പാടില്ല. ബാലകൃഷ്ണൻ പറയുന്നു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടന്ന കള്ളവോട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളും പ്രശ്നങ്ങളും എളുപ്പത്തിൽ അവസാനിക്കാൻ പാടില്ല. ഇത്തരം കാര്യങ്ങൾ വെച്ചുപുലർത്താൻ പാടില്ലെന്ന് സമൂഹവും പാർട്ടികളും ചിന്തിക്കണം. അതിനായാണ് ബാലകൃഷ്ണൻ ഒറ്റയാൾ പോരാട്ടം നടത്തിയത്. കാവി, വെളുപ്പ് എന്നീ രണ്ട് നിറങ്ങളിലുള്ള പതാകകളും പോരാട്ടത്തിൽ കരുതിയിരുന്നു. കാവി സാംസ്കാരിക തനിമയുടെയും വെളുപ്പ് ശുദ്ധതയുടെയും പ്രതീകമായി. കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയാണ് ബാലകൃഷ്ണൻ. കണ്ണഞ്ചേരി എൽ.പി സ്കൂളിലെ റിട്ട അദ്ധ്യാപകൻ കൂടിയാണ്.

"ഒറ്റയാൾ പോരാട്ടം വിജയമായി. പലരും എന്റെടുത്ത് നേരിട്ട് വന്ന് സംസാരിച്ചു. അവരുടെ മനസിൽ ഉള്ള കാര്യമായിരുന്നു എന്ന് പറഞ്ഞു. നമ്മൾ മനസിലുള്ളത് പറയണം. ഒന്നിനും പ്രതികരിച്ചില്ലെങ്കിൽ മറ്റാളുകളുടെ അഭിപ്രായം നമ്മിൽ അടിച്ചേൽപ്പിക്കാൻ കഴിയും".

- എൻ ബാലകൃഷ്ണൻ കണ്ണഞ്ചേരി