കോഴിക്കോട്: പേപ്പര്‍ പേന നിര്‍മ്മാണത്തിലൂടെ വരുമാനം കണ്ടെത്തുന്നതിനൊപ്പം പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവല്‍ക്കരണം കൂടി നടത്തുകയാണ് മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിലെ അഞ്ചംഗ വിദ്യാര്‍ത്ഥിനി സംഘം. ഗണിത വിഭാഗത്തിലെ സി അനുശ്രീ, മുര്‍ഷിദ ഖദീജ, മറിയം മര്‍സീന, ബബിന, ഷൈമ ജിന്‍സി എന്നിവരാണ് പേപ്പര്‍ പേന നിര്‍മ്മാണവുമായി രംഗത്തുള്ളത്.
ഒരു വര്‍ഷത്തോളമായി പേപ്പര്‍ പേന നിര്‍മ്മിക്കുന്ന ഇവര്‍ ഇത്തവണത്തെ മദ്ധ്യവേനലവധിക്കാലത്ത് നിര്‍മ്മിച്ച പേനകളുമായി സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി വില്‍പ്പനക്കിറങ്ങിയിരിക്കുകയാണ് . ആകര്‍ഷകമായ രൂപത്തില്‍ വര്‍ണാഭമായി നിര്‍മ്മിച്ച പേനകള്‍ 10 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. മികച്ച പ്രോത്സാഹനവും പ്രതികരണവുമാണ് ആളുകളിൽ നിന്ന് ലഭിക്കുന്നതെന്ന് അവർ പറയുന്നു.
നാഷണല്‍ സര്‍വീസ് സ്‌കീമിലൂടെ ലഭിച്ച പരിശീലനമാണ് ഇവരുടെ പേപ്പര്‍ പേന നിര്‍മാണ-വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായത്. പ്ലാസ്റ്റിക് വിമുക്ത കോളജിന്റെ ഭാഗമായാണ് ഈ സംരംഭത്തിന് തുടക്കമായത്. ആദ്യഘട്ടത്തില്‍ കോളജിലെ മുഴുവന്‍ ഡിപ്പാര്‍ട്‌മെന്റുകളിലെ വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പേനകള്‍ വിതരണം ചെയ്തു. പ്രകൃതിയോട് ഇണങ്ങിയ പേപ്പര്‍ പേനകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പിന്നീട് നിര്‍മ്മാണവും വിപണനവും വിപുലപ്പെടുത്തി.
പേന നിര്‍മ്മാണത്തില്‍ വിദഗ്ദ്ധയായ അനുശ്രീയുടെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ഇവര്‍ അഞ്ചു പേര്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് വകുപ്പ് മേധാവി മുഹമ്മദ് പറഞ്ഞു. ഒരു വര്‍ഷത്തിനിടയില്‍ ആയിരത്തോളം പേനകള്‍ ഇവര്‍ നിര്‍മ്മിച്ചു കഴിഞ്ഞു. അവധിക്കാലത്ത് മാത്രം അഞ്ഞൂറിലധികം പേനകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്തു. വീടുകളില്‍ ഇപ്പോഴും പേന നിര്‍മ്മാണത്തിന്റെ തിരക്കിലാണ് ഈ വിദ്യാര്‍ത്ഥി കൂട്ടം.
തങ്ങള്‍ പോയാലും ഈ സംരംഭം കോളജില്‍ നിന്ന് പടിയിറങ്ങരുതെന്ന ചിന്തയിൽ ജൂനിയേഴ്‌സിന് പേപ്പര്‍ പേന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കാനുള്ള ഒരുക്കത്തിലാണിവര്‍.