കോഴിക്കോട്: വാണിമേൽ ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു. മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിന്ന് കൊതുക് നശീകരണം, പരിസര ശുചിത്വ പരിപാലനം, കുടിവെള്ളത്തിൽ കൂടിയുള്ള രോഗാണു വ്യാപനം തടയൽ തുടങ്ങിയവ മുൻനിർത്തി പ്രവൃത്തികൾ പഞ്ചായത്തിൽ നടപ്പാക്കും. എല്ലാ വാർഡുകളിലും ആരോഗ്യ ശുചിത്വകമ്മിറ്റിയുടെ പ്രത്യേകയോഗം ചേർന്ന് അതാത് വാർഡിലെ ശുചീകരണപ്രവർത്തനം, ക്ളോറിനേഷൻ ,ആരോഗ്യ ബോധവൽക്കരണ പ്രവർത്തനം എന്നിവ നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി. മെയ് 11 ന് വാർഡ്തല ശുചീകരണവും 12 ന് ടൗൺ ശുചീകരണവും നടത്തും. പ്ളാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറക്കാനായി ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കടകൾ പരിശോധിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഒ.സി. ജയന്റെ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. നസീറ, സ്ഥിരം സമിതി ചെയർമാൻമാരായ അഷ്റഫ് കൊറ്റാല, മജീദ് എം.കെ, മെമ്പർമാരായ എൻ.പി.വാസു രാജു അലക്സ്, ബാബു.കെ.ടി., ജമീല കാപ്പാട്ട്, മുനീറ കരിയാട്ട്, വർഗീസ് .ടി.ജെ, നജ്മ.കെ, ജെ.എച്ച്.ഐ മാരായ ബാബു വി.കെ, ശ്രീജിത്ത് കെ എന്നിവർ സംസാരിച്ചു.