കോഴിക്കോട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പതിനഞ്ചാമത് പുസ്തകോത്സവം 10 മുതൽ 14 വരെ കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. 100ഓളം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാഡമി മികച്ച ഗ്രന്ഥശാലാ പ്രവർത്തകനായി തിരഞ്ഞെടുത്ത കെ. ചന്ദ്രനെ ആദരിക്കും.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ. ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സി: അംഗം ബി. സുരേഷ് ബാബു, സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ എ. ഗംഗാധരൻ നായർ, സി. കുഞ്ഞമ്മദ്, ജോസ് മാത്യു, സെക്രട്ടറി കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.

11 ന് നടക്കുന്ന കവി സമ്മേളനം എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം അഖില കേരള വായനാ മത്സരം, ഹയർ സെക്കൻഡറി, കോളേജ്, യു.പി, വനിത വായനാ മത്സരം വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. 12 ന് നടക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിലുള്ള സെമിനാറിൽ ഭരണ ഘടനയും ജനാധിപത്യവും എന്ന വിഷയം പ്രൊഫ: ടി.പി. കുഞ്ഞിക്കണ്ണനും മാദ്ധ്യമങ്ങളും ജനാധിപത്യവും എന്ന വിഷയം എ.കെ. അബ്ദുൾ ഹക്കീമും അവതരിപ്പിക്കും. 13 ന് ചിന്താവിശിഷ്ടയായ സീത പ്രസിദ്ധീകരണത്തിന്റെ ശതാബ്ദി എന്ന വിഷയത്തിൽ സെമിനാർ നടക്കും. വിഷയം ഡോ: സംഗീത ചേനംപുല്ലി, ഡോ: അബ്ദുൾ നാസർ എം.സി എന്നിവർ അവതരിപ്പിക്കും. എല്ലാ ദിവസവും കലാപരിപാടികൾ നടത്തും.