പേരാമ്പ്ര : ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് വഴിവിട്ട നീക്കം നടക്കുന്നതായി ആക്ഷേപം. കോട്ടൂർ ഗ്രാമ പഞ്ചായത്ത് നൽകേണ്ട ഡി. ആൻഡ്. ഒ ലൈസൻസ് എത്രയും പെട്ടെന്ന് നൽകണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി കോഴിക്കോട് കളക്ടർക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ക്വാറി കമ്പനി ജില്ലാ ഏകജാലക ബോർഡ് മുഖേന നേരത്തെ നൽകിയ അപേക്ഷ മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തിരിച്ചയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കമ്പനി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെ കമ്പനി കേസ് പിൻവലിക്കുകയും തെറ്റുകൾ തിരുത്തി പുതിയ അപേക്ഷ സമർപ്പിക്കുമെന്നും കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ കമ്പനി അതേ അപേക്ഷ സംസ്ഥാന ഏകജാലക ബോർഡിൽ സമർപ്പിക്കുകയായിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത ഹിയറിംഗിലാണ്ക്വാറി കമ്പനിയെ സഹായിക്കുന്നതായി ആരോപണമുയർന്നത്.

ക്വാറി തുടങ്ങാൻ ഇവിടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ കുടിവെള്ള പദ്ധതി തകർത്ത സംഭവമുണ്ടായി.

ഒരു വിദഗ്ധ പഠനവും നടത്താതെയാണ് പാരിസ്ഥിതികാനുമതി നൽകിയതെന്നാണ് നാട്ടുകാർ പറയുന്നത്. ചെങ്ങോടുമലയിലെ നൂറ് ഏക്കറിലധികം കമ്പനി വാങ്ങി കൂട്ടിയത് മഞ്ഞൾ കൃഷി നടത്താനെന്ന പേരിലാണത്രെ. ക്വാറി തുടങ്ങാനാണെന്നറിഞ്ഞപ്പോൾ സമരത്തിനിറങ്ങിയ നാട്ടുകാരെ പണം കൊടുത്തു സ്വാധീനിക്കാൻ ശ്രമം നടന്നതായും ആരോപണമുയർന്നു. ഗ്രാമ പഞ്ചായത്ത് അംഗമുൾപ്പെടെപണം വാങ്ങിയത് വിവാദമായിരുന്നു.

ആക്ഷൻ കൗൺസിൽ ഉപരോധസമരം തുടങ്ങി

പേരാമ്പ്ര: ചെങ്ങോട് മലയിലെ ഖനനത്തിന് അനധികൃതമായി ഡി. ആന്റ് ഒ ലൈസൻസ് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഖനന വിരുദ്ധ ആക്ഷൻ കൗൺസിലും ഡി. വൈ. എഫ്. ഐയും കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം തുടങ്ങി. പഞ്ചായത്തോഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ, മൃഗാശുപത്രി, അംഗൻവാടി എന്നിവയുടെ പ്രവർത്തനവും മുടങ്ങിയനിലയിലാണ്.

ക്വാറിക്ക് നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസ് തീർപ്പാക്കുന്നതുവരെ ഡി. ആന്റ്. ഒ ലൈസൻസിന്റെ അപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ടാണ് സമരം.

ലൈസൻസ് നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർക്കും കോട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 17 ന് ജില്ലാ ഏകജാലക ബോർഡ് യോഗം ചേരുന്നുണ്ട്. ഇത് റദ്ദാക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.

ഉപരോധ സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട്ട് ഉദ്ഘാടനം ചെയ്തു. മേപ്പാടി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ടി. എം. കുമാരൻ, ബിയേഷ് തിരുവോട്, ഷക്കീർ പൂനത്ത്, എം. സഗിജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഹമീദ്, എം. ഋഷികേശൻ, എം. കെ. അബ്ദുസമദ്എന്നിവർ സംസാരിച്ചു. ഡി. വൈ. എഫ്. ഐ സമരവും ഉദ്ഘാടനം ചെയ്തത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട്ടാണ്. സി. പി. എം അവിടനല്ലൂർ ലോക്കൽ സെക്രട്ടറി ടി. ഷാജു അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് വൈ: പ്രസിഡന്റ് എം. ചന്ദ്രൻ, സി. എച്ച്. സുരേഷ്, പി. കെ. സുമേഷ്, സബീഷ് മൊടക്കല്ലൂർ എന്നിവർ സംസാരിച്ചു.

ചെങ്ങോട്ടുമല ഖനനവിരുദ്ധ ആക്ഷൻ കൗൺസിൽ നടത്തുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തോഫീസ് ഉപരോധം