കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് വിധേയമായി എമിറേറ്റ്സ് എയർ ഇന്ത്യ കോഡ് ഇ വിമാന സർവീസ് പുനരാരംഭിക്കാൻ ബന്ധപ്പെട്ടവർ അനുമതി നൽകണമെന്ന് മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട പ്രതാപകാലം തിരിച്ച് പിടിക്കാനുള്ള കരിപ്പൂർ വിമാനത്താവളത്തിന്റെ ശ്രമത്തെ തളർത്തുന്ന നടപടിയാണ് വിമാനങ്ങളുടെ അനുമതി വൈകിപ്പിക്കുന്നതിലൂടെ ചെയ്യുന്നത്. ഇത്തരം പ്രതിസന്ധിക്കിടെ വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കരുതെന്ന സിവിൽ ഏവിയേഷൻ ഡയറക്ടറുടെ നിർദ്ദേശങ്ങൾ പോലും അവഗണിച്ച് ക്രമാതീതമായി നിരക്ക് വർദ്ധിപ്പിക്കുകയാണ് വിമാന കമ്പനികൾ. കോഴിക്കോട് നിന്ന് നിർത്തലാക്കിയ കോഡ് ഇ വിമാന സർവീസ് പുനരാരംഭിച്ചാൽ അമിത യാത്രാ നിരക്ക് ഉൾപ്പെടെയുള്ള വിമാന യാത്ര പ്രതിസന്ധിക്ക് പരിഹാരമാകും. യു.എ.ഇയിലെ പ്രവാസി സംഘടനകളുടെയും ദുബൈ ചേംബർ, അബുദാബി ചേംബർ എന്നിവയുടെ സഹകരണത്തോടെ യു.എ.ഇ ആസ്ഥാനമായ എമിറേറ്റ്സ്, ഫ്ളൈ ദുബൈ എന്നി എയർലൈൻസ് ഉന്നാധികാരികളുമായും, ഇത്തിഹാദ് അധികാരികളുമായും അബുദാബിയിലെ തങ്ങളുടെ പ്രതിനിധി സംഘം കൂടികാഴ്ച നടത്തുമെന്നും സി.ഇ ചാക്കുണ്ണി, അഡ്വ എം.കെ അയ്യപ്പൻ, എം.വി കുഞ്ഞാമു, എം.വി മാധവൻ, റോണിജോൺ, കുന്നോത്ത് അബൂബക്കർ എന്നിവർ അറിയിച്ചു.