പേരാമ്പ്ര: ചെങ്ങോടുമല കരിങ്കൽ ഖനനത്തിന് ഡി ആൻഡ് ഒ ലൈസൻസ് നൽകാനുള്ള നീക്കത്തിനെതിരെ നടക്കുന്ന ഉപരോധസമരത്തിൽ സമരക്കാരുടെ ആത്മഹത്യാശ്രമം. പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നാല് സമരസമിതി പ്രവർത്തകർ മണ്ണെണ്ണയും തീപ്പെട്ടിയുമായി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകളിൽ കയറുകയായിരുന്നു. ഇതോടെ പൊലീസ് അറസ്റ്റ് ചെയ്യാനുളള നീക്കം അവസാനിപ്പിച്ചു. പ്രവർത്തകരെ ഇറക്കാൻ ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും സമരക്കാർ ഇവരെ ഓഫീസിന് മുന്നിലേക്ക് കടത്തിവിട്ടില്ല. ജില്ലാ കളക്ടർ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടെടുത്തതോടെ പഞ്ചായത്ത് പ്രസിഡന്റ് കളക്ടറുമായി ബന്ധപ്പെട്ടു. വെള്ളിയാഴ്ച്ച കളക്ടർ എത്തി സമരക്കാരുമായി ചർച്ച നടത്തുമെന്നുള്ള ഉറപ്പ് ലഭിച്ചതോടെ ആത്മഹത്യാ ഭീഷണി മുഴക്കിയ ലിനീഷ് നരയംകുളം, പുവ്വലത്ത് മുരളി, ബിനീഷ് നരയംകുളം, ടി പി സുധീഷ് എന്നിവർ താഴെയിറങ്ങി.
ചെങ്ങോട്ടുമലയിൽ ഖനനത്തിന് ലൈസൻസ് നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തിനെതിരെ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. ഡെൽറ്റാ ഗ്രൂപ്പിന് ലൈസൻസ് നൽകുകയാണങ്കിൽ രാജിവയ്ക്കുമെന്ന് സി.പി.എം ഭരിക്കുന്ന കോട്ടൂർ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ അറിയിച്ചതായാണ് അറിവ്. 19 അംഗ കോട്ടൂർ പഞ്ചായത്തിൽ 14 പേരാണ് സി.പി.എമ്മിനുള്ളത്.
പത്തനംതിട്ട ആസ്ഥാനമായ ഡെൽറ്റ ഗ്രൂപ്പാണ് മലയുടെ നൂറേക്കറോളം സ്ഥലം ഏറ്റെടുത്തിരിക്കുന്നത്.