കോഴിക്കോട്: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവം നാട്ടുകാർക്ക് വലിയ നാണക്കേടായി. പിന്നാക്കാവസ്ഥയിലായിരുന്ന സർക്കാർ സ്കൂളിനെ ജനപ്രതിനിധികളും നാട്ടുകാരും സ്കൂളധികൃതരും കൂട്ടായി പരിശ്രമിച്ച് ഉന്നതിയിലേക്കുയർത്തിയ സമയത്താണ് ഇത്തരമൊരു ദുഷ്പേര് വന്നുപെട്ടത്. കഴിഞ്ഞ അഞ്ചു വർഷമായി 90 ശതമാനത്തിന് മേലാണ് സ്കൂളിൽ വിജയ ശതമാനം. ആധുനിക സൗകര്യങ്ങളുള്ള പുതിയ മന്ദിരങ്ങൾ അടുത്തിടെ ഉയർന്നു. രണ്ടായിരത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പുതുതായി ചേരുന്നവരുടെ എണ്ണവും വർഷാവർഷം കൂടിവരികയാണ്.

സ്കൂളിലെ അദ്ധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുകയും 32 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തത്. ഈ വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ഇത്തരമൊരു ക്രമക്കേടിന് അദ്ധ്യാപകർ എന്തിന് മുതിർന്നെന്ന ചോദ്യമാണ് എല്ലാവരും ഉയർത്തുന്നത്. ഇതിന്റെ പേരിൽ ചില രാഷ്ട്രീയ കക്ഷികൾ പ്രക്ഷോഭത്തിന് ഒരുക്കം തുടങ്ങിയിട്ടുണ്ട്.

പരീക്ഷയുടെ പ്രധാന ചുമതല വഹിക്കുന്ന അഡിഷണൽ ഡെപ്യൂട്ടി ചീഫായിരുന്നു നിഷാദ‌് വി. മുഹമ്മദ്. രണ്ട‌് വിദ്യാർത്ഥികൾക്ക‌് വേണ്ടി രണ്ടാം വർഷ ഇംഗ്ലീഷ‌് പരീക്ഷയും മറ്റ് രണ്ടു വിദ്യാർത്ഥികൾക്കു വേണ്ടി ഒന്നാം വർഷ കമ്പ്യൂട്ടർ പരീക്ഷയും ഓഫീസിലിരുന്ന് എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് പരിശോധനയിൽ കണ്ടെത്തിയത‌്. ഈ അദ്ധ്യാപകനെയും പരീക്ഷയുടെ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂർ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെ അദ്ധ്യാപകനുമായ പി.കെ. ഫൈസൽ, പരീക്ഷ ചീഫ‌് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ‌്കൂൾ പ്രിൻസിപ്പലുമായ കെ. റസിയ എന്നിവരെയുമാണ‌ു സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ ആൾമാറാട്ടത്തിന് ഉൾപ്പെടെ കേസെടുക്കും.

കുടുക്കിയത് കൈയക്ഷരം

വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതിനിടെ കൈയക്ഷരമാണ് സംശയം ജനിപ്പിച്ചത്. തുടർന്ന് ഇതേ വിദ്യാർത്ഥികൾ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ മറ്റ് കേന്ദ്രങ്ങളി​ൽ നിന്ന് വരുത്തി പരിശോധിച്ചു. അതോടെ ഈ പരീക്ഷ എഴുതിയതു വിദ്യാർത്ഥികളല്ലെന്ന് വ്യക്തമായി. തുടർന്ന് ഈ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസ‌് കൂടുതൽ പരിശോധനയ‌്ക്ക‌ു വിധേയമാക്കി. 32 ഉത്തരക്കടലാസുകളിലും തിരുത്തൽ വരുത്തിയതായി കണ്ടെത്തി. കുട്ടികൾ എഴുതിയ പേപ്പർ മാറ്റി അദ്ധ്യാപകൻ എഴുതിയ പേപ്പറാണ് മൂല്യനിർണയത്തിന് അയച്ചത‌്.

കൈയക്ഷരം നേരിട്ടു പരിശോധിക്കുന്നതിന് വിദ്യാർത്ഥികളുമായി തലസ്ഥാനത്ത് ഹാജരാകാൻ പരീക്ഷാ സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദൻ ആവശ്യപ്പെട്ടെങ്കിലും സ്കൂളധികൃതർ തയ്യാറായില്ല. പ്രിൻസിപ്പലും ഡെപ്യൂട്ടി ചീഫും മാത്രമാണ‌് എത്തിയത‌്. ആരോപണ വിധേയനായ അദ്ധ്യാപകനും എത്തിയില്ല.