കോഴിക്കോട്: തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഡി.ജി.പിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം. ബി.എൽ.ഒമാർ, ഡെപ്യൂട്ടി കളക്‌ടർമാർ എന്നിവരുടെ പങ്കും അന്വേഷിക്കണം.
പൊലീസ് അസോസിയേഷൻ നേതാക്കൾ ജനവിധി അട്ടിമറിക്കാനാണ് ശ്രമിച്ചത്. രണ്ടുപേരെ മാത്രം സസ്‌പെൻഡ് ചെയ്തത് കണ്ണിൽ പൊടിയിടാനുള്ള നടപടിയാണ്. മുഴുവൻ പോസ്റ്റൽ വോട്ടും റദ്ദാക്കി പൊലീസുകാർക്ക് നിർഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഒരുക്കണം.
തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്താൻ ബി.എൽ.ഒമാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ബി.എൽ.ഒമാരിൽ 90 ശതമാനവും സി.പി.എം അനുഭാവികളാണ്. കൂടാതെ 77 താലൂക്കുകളിലെ ഡെപ്യൂട്ടി തഹസിൽദാർമാരിൽ ഭൂരിപക്ഷം പേരും വോട്ട് വെട്ടിനിരത്തി. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരം പറയണം.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ സത്യസന്ധതയിൽ സംശയമില്ല. എന്നാൽ ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ അന്വേഷിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. 10 ലക്ഷത്തിലേറെ വോട്ടുകൾ അട്ടിമറിക്കപ്പെട്ടുവെന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, എം.ടി. പത്മ, കെ.സി. രാമചന്ദ്രൻ, കെ.സി. അബു, വി.ടി. സുരേന്ദ്രൻ, സി.ജെ. റോബിൻ എന്നിവർ പങ്കെടുത്തു.
ക്രമക്കേടുകൾ പാർട്ടി സമിതി അന്വേഷിക്കും
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് പ്രത്യേക സമിതി രൂപീകരിച്ചു. കെ.സി. ജോസഫ് കൺവീനറായുള്ള സമിതിയിൽ എം.എൽ.എമാരായ സണ്ണി ജോസഫ്, ഐ.സി. ബാലകൃഷ്ണൻ കെ.പി.സി.സി ഭാരവാഹികളായ കെ.പി. കുഞ്ഞിക്കണ്ണൻ, വി.എ. നാരായണൻ, ഉമാബാലകൃഷ്ണൻ, സജി ജേക്കബ്, എൻ. സുബ്രഹ്മണ്യൻ, കെ.പി. അനിൽകുമാർ, പി.എം. സുരേഷ്ബാബു എന്നിവരും ഉണ്ടാവും. മലബാർ ജില്ലകളിലാണ് സമിതി ആദ്യം തെളിവെടുപ്പ് നടത്തുന്നത്. മറ്റു ജില്ലകളിലും അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സമർപ്പിക്കും. നിയമനടപടി ആവശ്യമാണെങ്കിൽ ഏതറ്റംവരെയും പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.